01/04/2026
[fontresizer_tawhidurrahmandear_widget]

അസമിൽ മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലിക്കും വെട്ട്; മെഡിക്കൽ കോളേജിൻ്റെ പേര് മാറ്റാൻ ഹിമന്ത സർക്കാർ

 അസമിൽ മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലിക്കും വെട്ട്; മെഡിക്കൽ കോളേജിൻ്റെ പേര് മാറ്റാൻ ഹിമന്ത സർക്കാർ

ദിസ്‌പൂർ: അസം നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി സർക്കാർ തീരുമാനം. ബാർപേട്ടയിലെ ഫക്രുദ്ദീൻ അലി അഹമ്മദ് മെഡിക്കൽ കോളേജിന്റെ പേര് ‘ബാർപേട്ട മെഡിക്കൽ കോളേജ്’ എന്ന് പുനർനാമകരണം ചെയ്യാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകളെല്ലാം അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെ പേരിൽ അറിയപ്പെടുമ്പോൾ, ബാർപേട്ടയിലെ കോളേജിന് മാത്രം മുൻ രാഷ്ട്രപതിയുടെ പേര് നൽകിയത് ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നാണ് സർക്കാരിന്റെ വിശദീകരണം. പലരും ഇതൊരു സ്വകാര്യ മെഡിക്കൽ കോളേജാണോ എന്ന് ചോദിക്കാറുണ്ടെന്നും ആ രീതി മാറ്റാനാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അസമിൽ നിന്നുള്ള ഏക രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിനോടുള്ള ആദരസൂചകമായി മറ്റൊരു ഉന്നത വിദ്യാഭ്യാസ അല്ലെങ്കിൽ സാംസ്കാരിക സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേര് നൽകുമെന്നും സർക്കാർ അറിയിച്ചു.

മറ്റ് പ്രധാന തീരുമാനങ്ങളിൽ, മിസിങ് സമുദായത്തിന്റെ കാർഷിക ഉത്സവമായ ‘അലി-ഐ-ലിഗാങ്’ ഇനി മുതൽ സംസ്ഥാന അവധിയായിരിക്കും. കൂടാതെ, പ്രശസ്ത അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ പേരിലുള്ള ‘സുബീൻ ഖേത്ര’ സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കാനും മന്ത്രിസഭ അനുമതി നൽകി.

Also read: