മുസ്ലിം വിരുദ്ധ വിദ്വേഷ പരാമർശം: ഹിമന്തയ്‌ക്കെതിരായ ഹരജികൾ തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ വിവാദമായ ‘മിയ’ പരാമർശങ്ങൾക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജികൾ സുപ്രീം കോടതി തള്ളി. മുഖ്യമന്ത്രിക്കെതിരെ പോലീസ് കേസെടുക്കണമെന്നും പ്രത്യേക സംഘം അന്വേഷിക്കണമെന്നുമുള്ള ആവശ്യങ്ങളാണ് കോടതി നിരസിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹരജിക്കാരോട് ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തർക്കങ്ങൾ പരിഹരിക്കാനുള്ള ആദ്യ വേദിയായി സുപ്രീം കോടതിയെ മാറ്റുന്ന പ്രവണത അസ്വസ്ഥമാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ‘ഹൈക്കോടതികളുടെ അധികാരത്തെയും മനോവീര്യത്തെയും ദുർബലപ്പെടുത്താൻ അനുവദിക്കില്ല’ എന്ന് വ്യക്തമാക്കിയ കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതുന്നതും ഔദ്യോഗികമായി ഹരജി നൽകുന്നതും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി.
അസമിലെ മുസ്ലീങ്ങളെ (മിയ) ലക്ഷ്യമിട്ട് ബിജെപി പുറത്തിറക്കിയ വീഡിയോയും മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളുമാണ് കേസടിസ്ഥാനം. ഇത്തരം പരാമർശങ്ങൾ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഭരണഘടനാ പദവിയിലിരിക്കുന്നവർ സ്വയം സംയമനം പാലിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി ഹാജരായി. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഉൾപ്പെടെയുള്ള സംഘടനകളാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകൾക്കെതിരെ കോടതിയെ സമീപിച്ചിരുന്നത്.