‘ഗംഗാ നദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് ക്രിമിനൽ കുറ്റമല്ല; പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വെക്കുന്നത് വർധിച്ചു വരുന്നു’; ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ
ഭോപ്പാൽ: സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ മൗലികാവകാശങ്ങളെയും സാധാരണ പ്രവർത്തികളെയും ക്രിമിനൽ കുറ്റങ്ങളാക്കി മാറ്റുന്ന പ്രവണത വർധിച്ചുവരുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ. ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റിയൂട്ട് യൂണിവേഴ്‌സിറ്റിയിൽ നടന്ന ജസ്റ്റിസ് ജി.പി. സിംഗ് സ്മാരക പ്രഭാഷണത്തിലാണ് അദ്ദേഹം രാജ്യത്തെ നിലവിലെ നീതിന്യായ വ്യവസ്ഥയിലെയും ഭരണകൂട നടപടികളിലെയും ഗുരുതരമായ ആശങ്കകൾ തുറന്നുപറഞ്ഞത്.
വാരണാസിയിൽ ഗംഗാ നദിയിലെ ബോട്ടിലിരുന്ന് ഇഫ്താർ വിരുന്നിന്റെ ഭാഗമായി ചിക്കൻ ബിരിയാണി കഴിച്ചതിന് ഒരു സംഘം യുവാക്കളെ അറസ്റ്റ് ചെയ്യുകയും മാസങ്ങളോളം ജാമ്യം നിഷേധിക്കുകയും ചെയ്ത പശ്ചാത്തലമാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഗംഗാ നദിയിൽ വെച്ച് ചിക്കൻ കഴിക്കുന്നത് തടയുന്ന ഒരു നിയമവും രാജ്യത്തില്ല എന്നിരിക്കെ, കുറ്റമല്ലാത്ത കാര്യങ്ങൾക്ക് ആളുകളെ മാസങ്ങളോളം വിചാരണ തടവുകാരായി ജയിലിലടയ്ക്കുന്നത് തികച്ചും ആശങ്കാജനകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനുപുറമേ, വിവിധ സർവ്വകലാശാലകളിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളെയും പരിസ്ഥിതി നാശത്തിനെതിരെ ശബ്ദമുയർത്തുന്നവരെയും അറസ്റ്റ് ചെയ്ത് 30 മുതൽ 40 ദിവസത്തോളം ജാമ്യം നിഷേധിച്ചു തടങ്കലിൽ വെക്കുന്ന രീതി വർധിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ജനാധിപത്യ പ്രതിഷേധങ്ങളെ കുറ്റകൃത്യങ്ങളായി കാണുന്നത് ഭയപ്പെടാതെ അഭിപ്രായം പറയാനുള്ള സാഹചര്യം ഇല്ലാതാക്കും.
വിചാരണക്കോടതികളും ഹൈക്കോടതികളും ജാമ്യം അനുവദിക്കുമ്പോൾ ചുമത്തുന്ന കർശന ഉപാധികളെയും അദ്ദേഹം വിമർശിച്ചു. പ്രതിഷേധക്കാർക്ക് ജാമ്യം നൽകുമ്പോൾ പൊതുപരിപാടികളിൽ സംസാരിക്കരുതെന്നോ, സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയരുതെന്നോ ഉള്ള വ്യവസ്ഥകൾ വെക്കുന്നത് പൗരന്മാർ ഭരണകൂടത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് വിലക്കാൻ കോടതികൾ തന്നെ പരോക്ഷമായി ശ്രമിക്കുന്നതിന് തുല്യമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.