‘ചിരിക്കാൻ ഇതിലും വലിയൊരു കാരണമുണ്ടോ’?, ധോണിയുടെ അഭിനന്ദനത്തിന് ഗംഭീറിന്‍റെ മറുപടി
മുംബൈ: ടി20 ലോകകപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് മുൻ നായകൻ എം.എസ്. ധോണി പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റും അതിന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വർഷങ്ങളായി ആരാധകർക്കിടയിൽ ഇരുവർക്കുമിടയിലുള്ള ബന്ധത്തെക്കുറിച്ച് നിലനിന്നിരുന്ന തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിടുന്നതാണ് ഈ സ്നേഹപ്രകടനം. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം ചൂടിയതിന് പിന്നാലെയാണ് ധോണി തന്റെ ഇൻസ്റ്റാഗ്രാം മൗനം വെടിഞ്ഞത്.
രോഹിത് ശർമ്മയ്ക്കും ജയ് ഷായ്ക്കുമൊപ്പം വിവിഐപി സ്റ്റാൻഡിലിരുന്ന് മത്സരം ആസ്വദിച്ച ധോണി, ഗൗതം ഗംഭീറിനെ പ്രത്യേകം പരാമർശിച്ചാണ് വൈകാരികമായ കുറിപ്പിട്ടത്. “അഹമ്മദാബാദിൽ ചരിത്രം കുറിക്കപ്പെട്ടിരിക്കുന്നു. കോച്ച് സാബ് (ഗംഭീർ), ആ ചിരി കാണാൻ നല്ല ഭംഗിയുണ്ട്. നിങ്ങളുടെ ആക്രമണോത്സുകതയും ഈ ചിരിയും ചേർന്നാൽ അതൊരു ‘കില്ലർ കോമ്പോ’ ആണ്. നന്നായി ചെയ്തു,” എന്ന് ധോണി കുറിച്ചു. ജസ്പ്രീത് ബുംറയെ ‘ചാമ്പ്യൻ ബൗളർ’ എന്ന് വിശേഷിപ്പിക്കാനും അദ്ദേഹം മറന്നില്ല. നിമിഷങ്ങൾക്കകം 80 ലക്ഷത്തിലധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്.
ധോണിയുടെ സ്നേഹപ്രകടനത്തിന് ഇന്ന് ഉച്ചയോടെയാണ് ഗൗതം ഗംഭീർ മറുപടി നൽകിയത്. “ചിരിക്കാൻ ഇതിലും വലിയൊരു കാരണമുണ്ടോ! നിങ്ങളെ കാണാനായതിൽ വലിയ സന്തോഷം,” എന്നായിരുന്നു ഗംഭീറിന്റെ ലളിതമായ പ്രതികരണം. 2011 ലോകകപ്പിന് ശേഷം പലപ്പോഴും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും, പരസ്പര ബഹുമാനത്തോടെയുള്ള സംഭാഷണം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ വിജയത്തോടെ ഐസിസി ടി20 ലോകകപ്പ് കളിക്കാരനെന്ന നിലയിലും (2007) മുഖ്യ പരിശീലകനെന്ന നിലയിലും (2026) നേടുന്ന ആദ്യ വ്യക്തിയായി ഗൗതം ഗംഭീർ ചരിത്രം കുറിച്ചു. ഐസിസി ഫൈനലുകളിൽ തോൽവി അറിയാത്ത തന്റെ റെക്കോർഡ് നിലനിർത്താനും അദ്ദേഹത്തിനായി.