29/03/2026
[fontresizer_tawhidurrahmandear_widget]

ഗംഗാനദിയിലെ നോമ്പു തുറ; അറസ്റ്റിലായ 14 യുവാക്കളുടെ ജാമ്യം കോടതി തള്ളി

 ഗംഗാനദിയിലെ നോമ്പു തുറ; അറസ്റ്റിലായ 14 യുവാക്കളുടെ ജാമ്യം കോടതി തള്ളി

വാരണാസി: ഗംഗാനദിയിൽ ബോട്ടിനുള്ളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുകയും മാംസഹാരം കഴിച്ച് ഭക്ഷണാവശിഷ്ടങ്ങൾ നദിയിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത 14 യുവാക്കളുടെ ജാമ്യം വാരണാസി കോടതി തള്ളി. പ്രതികൾ ചെയ്ത കുറ്റങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും ജാമ്യം നൽകാൻ മതിയായ കാരണങ്ങളില്ലെന്നും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അമിത് കുമാർ യാദവ് നിരീക്ഷിച്ചു. മാർച്ച് 19 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആസാദ് അലി, ആമിർ കൈകി, ഡാനിഷ് സെയ്ഫി തുടങ്ങി 14 പേർക്കെതിരെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

മാർച്ച് 15ന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ബിജെപി യുവമോർച്ച സിറ്റി യൂണിറ്റ് പ്രസിഡന്റ് രജത് ജയ്‌സ്വാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സനാതന ധർമ്മ വിശ്വാസികൾ അതീവ പവിത്രമായി കരുതുന്ന ഗംഗാനദിയിൽ മാംസാഹാരം കഴിക്കുകയും അതിന്റെ അവശിഷ്ടങ്ങൾ നദിയിലേക്ക് എറിയുകയും ചെയ്തത് മനഃപൂർവ്വം മതവികാരം വ്രണപ്പെടുത്താനാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ മതവികാരം വ്രണപ്പെടുത്തൽ, ശത്രുത വളർത്തൽ, പൊതുശല്യം, ജല മലിനീകരണം തുടങ്ങിയ വകുപ്പുകൾക്ക് പുറമെ ഐടി ആക്ട് പ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കൂടാതെ, പ്രതികൾ ബോട്ട് ഉടമകളെ ഭീഷണിപ്പെടുത്തി ബലംപ്രയോഗിച്ചാണ് ബോട്ട് കൊണ്ടുപോയതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ‘പിടിച്ചുപറി’ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകളും പിന്നീട് ചേർത്തു. എന്നാൽ, പ്രതികൾ നിയമം അനുസരിക്കുന്ന പൗരന്മാരാണെന്നും വ്യക്തിവൈരാഗ്യം മൂലം കള്ളക്കേസിൽ കുടുക്കിയതാണെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. വീഡിയോയിൽ മാംസാഹാരം കഴിക്കുന്നതായി വ്യക്തമായ തെളിവുകളില്ലെന്നും ബിരിയാണി പിടിച്ചെടുത്തിട്ടില്ലെന്നും അവർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് നീതിയുക്തമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരന് വധഭീഷണി ലഭിച്ചെന്ന പരാതിയിൽ മറ്റൊരു എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്ത കാര്യവും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. വാദങ്ങൾ പരിഗണിച്ച കോടതി പ്രതികളെ ജയിലിലേക്ക് തിരികെ അയക്കാൻ ഉത്തരവിട്ടു.

Also read: