07/03/2026
[fontresizer_tawhidurrahmandear_widget]

പാചകവാതക വില കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിച്ചു, ഇന്നു മുതൽ പ്രാബല്യത്തിൽ

 പാചകവാതക വില കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിച്ചു, ഇന്നു മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം ആദ്യമായാണ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറുകളുടെ വില 920 രൂപയായി ഉയർന്നു. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യ സിലിണ്ടറിന് 1,883 രൂപയുമാണ് പുതുക്കിയ നിരക്ക്. മുംബൈയിൽ യഥാക്രമം 912.50 രൂപയും 1,835 രൂപയും, കൊൽക്കത്തയിൽ 939 രൂപയും 1,990 രൂപയും, ചെന്നൈയിൽ 928.50 രൂപയും 2,043.50 രൂപയുമാണ് നിലവിലെ വില.

അതേസമയം, ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടായേക്കാമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. നിലവിൽ വിതരണം സുഗമമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ ഓയിൽ കോർപറേഷനും വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിച്ചതും അമേരിക്കയിൽ നിന്ന് എൽപിജി ഇറക്കുമതി ആരംഭിച്ചതും വഴി രാജ്യം സുരക്ഷിതമായ അവസ്ഥയിലാണെന്നും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഇന്ത്യയെ ബാധിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Also read: