01/04/2026
[fontresizer_tawhidurrahmandear_widget]

‘ഇല്ലിസിറ്റ് ഗ്യാങ്’ ഗുണ്ടാസംഘത്തിലെ വരനെ മണ്ഡപത്തിൽ നിന്ന് അറസ്റ്റ് ചെയ്തു; സ്റ്റേഷനിൽ താലികെട്ടാൻ അനുമതി തേടി വധു

 ‘ഇല്ലിസിറ്റ് ഗ്യാങ്’ ഗുണ്ടാസംഘത്തിലെ വരനെ മണ്ഡപത്തിൽ നിന്ന് അറസ്റ്റ് ചെയ്തു;  സ്റ്റേഷനിൽ താലികെട്ടാൻ അനുമതി തേടി വധു

ഭോപ്പാൽ: ആഘോഷപൂർവ്വം നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങ് നിമിഷങ്ങൾക്കുള്ളിൽ സിനിമാ സ്റ്റൈൽ കുറ്റകൃത്യ നാടകമായി മാറി. ഭോപ്പാലിലെ വിവാഹ മണ്ഡപത്തിൽ ഇരച്ചുകയറിയ പോലീസ്, താലികെട്ടിന് തൊട്ടുമുമ്പ് കുപ്രസിദ്ധ ഗുണ്ടാത്തലവനായ വരനെ അറസ്റ്റ് ചെയ്തു. ഇതോടെ വിവാഹ വസ്ത്രത്തിൽ, മുഖത്ത് ഹൽദിയും കൈകളിൽ മെഹന്തിയുമായി പോലീസ് സ്റ്റേഷനിലെത്തിയ വധുവിന്റെ അപേക്ഷ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു.

31 കേസുകളിൽ പ്രതിയായ ആകാശ് എന്ന ഭുരയെയും അഞ്ച് കൂട്ടാളികളെയും വിവാഹവേദിയിൽ നിന്നാണ് പോലീസ് പൊക്കിയത്. തന്റെ ജീവിതം തകർക്കരുതെന്നും വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ വരനെ വെറും രണ്ട് മണിക്കൂർ നേരത്തേക്ക് വിട്ടുനൽകണമെന്നും വധു സീമ പോലീസിനോട് കണ്ണീരോടെ അപേക്ഷിച്ചു. ജാമ്യം ലഭിക്കില്ലെന്ന് കണ്ടപ്പോൾ, പോലീസ് കസ്റ്റഡിയിലെങ്കിലും വെച്ച് വിവാഹം നടത്താൻ അനുവദിക്കണമെന്ന വധുവിന്റെ അഭ്യർത്ഥനയും നിയമപരമായ കാരണങ്ങളാൽ പോലീസ് നിരസിച്ചു.

ഭോപ്പാലിലെ ‘ഇല്ലിസിറ്റ് ഗ്യാങ്’ (Illicit Gang) എന്നറിയപ്പെടുന്ന ക്രിമിനൽ സംഘത്തിന്റെ തലവനാണ് ആകാശ്. സംഘത്തിലെ അംഗങ്ങൾ തിരിച്ചറിയാനായി കഴുത്തിൽ ‘ഇല്ലിസിറ്റ്’ എന്ന് പച്ചകുത്താറുണ്ട്.പുരോഹിതനെ തട്ടിക്കൊണ്ടുപോയി എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. ബിജെപി നേതാവിന്റെ കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ആറുവർഷത്തെ പ്രണയത്തിനൊടുവിൽ സ്വപ്നം കണ്ട വിവാഹം മണ്ഡപത്തിൽ പാതിവഴിയിൽ മുടങ്ങിയതിന്റെ ആഘാതത്തിലാണ് വധുവും കുടുംബവും.

Also read: