04/03/2026
[fontresizer_tawhidurrahmandear_widget]

‘കത്രിക ഞാൻ വിഴുങ്ങിയതല്ല, എനിക്കിനി ജോലിക്ക്‌ പോകാനാകില്ല’; മെഡിക്കൽ കോളേജിന്റെ ക്രൂരതയിൽ നീറി ഉഷ, നീതിക്കായി കുടുംബം

 ‘കത്രിക ഞാൻ വിഴുങ്ങിയതല്ല, എനിക്കിനി ജോലിക്ക്‌ പോകാനാകില്ല’; മെഡിക്കൽ കോളേജിന്റെ ക്രൂരതയിൽ നീറി ഉഷ, നീതിക്കായി കുടുംബം

അമ്പലപ്പുഴ: ‘കത്രിക ഞാൻ വിഴുങ്ങിയതല്ലല്ലോ, ഒരു പെണ്ണും ഇതുപോലെ വേദനിക്കരുത്’- അഞ്ചുവർഷം വയറ്റിൽ കത്രികയുമായി നരകയാതന അനുഭവിച്ച പുന്നപ്ര സ്വദേശിനി ഉഷയുടെ വാക്കുകൾ കേരളത്തിന്റെ മനസാക്ഷിയെ ഉലയ്ക്കുകയാണ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന ഗർഭാശയ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ മറന്നുവെച്ച കത്രിക, കഴിഞ്ഞദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ഉഷ ഇപ്പോഴും കടുത്ത ശാരീരിക വേദനയിലാണ്.

‘കെ.സി. വേണുഗോപാൽ എം.പി.യാണ് ആശുപത്രിച്ചെലവ് പൂർണമായും വഹിച്ചത്. എച്ച്. സലാം എം.എൽ.എ.യും ഒപ്പംനിന്നു. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസാണ് എല്ലാ സഹായങ്ങളുമെത്തിക്കാൻ വഴിയൊരുക്കിയത്’. ആരോഗ്യവകുപ്പിൽ നിന്നും കേവലം ഒരു ഫോൺ വിളിയല്ലാതെ മറ്റു സഹായങ്ങളൊന്നും ലഭിച്ചില്ലെന്ന് കുടുംബം പരാതിപ്പെടുന്നു.

“എനിക്കിനി ജോലിക്കു പോകാനാകില്ല. പുന്നപ്ര കിഴക്ക് പൊന്നാകരിച്ചിറയിൽ താമസിച്ച വീട് പൊളിച്ചതോടെയാണ് വാടകവീട്ടിലായത്. പണമില്ലാതെ വീടുപണി മുടങ്ങി. 7,500 രൂപ വാടകയ്ക്കാണ് താമസം. മകൻ ഷിബിൻ ബേക്കറിത്തൊഴിലാളിയാണ്. മകന് ഒരു ജോലി കിട്ടിയിരുന്നെങ്കിൽ ആശ്വാസമായിരുന്നു”- ഉഷ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ഉഷയ്ക്ക് കഴിഞ്ഞ അഞ്ചുവർഷമായി ജോലിക്ക് പോകാനോ നേരെ നിൽക്കാൻ പോലുമോ കഴിയാത്ത അവസ്ഥയായിരുന്നു. മുൻപ് നടത്തിയ പരിശോധനകളിൽ കത്രിക കണ്ടില്ലെന്ന ഡോക്ടർമാരുടെ വാദത്തെ ഉഷ ശക്തമായി തള്ളിക്കളഞ്ഞു. മെഡിക്കൽ കോളേജിലെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും നഴ്സിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

വാടകവീട്ടിൽ കഴിയുന്ന ഇവർക്ക് വീടുപണി പൂർത്തിയാക്കാനും ഉപജീവനത്തിനുമായി സർക്കാരിന്റെ കനിവ് കാത്തിരിക്കുകയാണ്. നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് ഉഷയുടെ കുടുംബം വ്യക്തമാക്കി.

Also read: