കലാഭവൻ സോബി ജോർജ് അറസ്റ്റിൽ; കേരളത്തിലുടനീളം 140 കേസുകൾ
കൊച്ചി: കള്ളപ്പണമിടപാട്, വിസ തട്ടിപ്പ് ഉൾപ്പെടെ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ഊന്നുകൽ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലുടനീളം ഇയാൾക്കെതിരെ 140 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
വയനാട് പുൽപള്ളി സ്വദേശിയായ ഷിജനിൽ നിന്ന് 3,04,200 രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോഴത്തെ നടപടി. ജോലി വാഗ്ദാനം ചെയ്ത് പലതവണയായി ബാങ്ക് അക്കൗണ്ട് വഴി പണം കൈപ്പറ്റിയെങ്കിലും വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതോടെയാണ് ഷിജൻ പരാതിയുമായി പോലീസിനെ സമീപിച്ചത്. സമാനമായ രീതിയിൽ അമ്പലവയലിൽ നിന്ന് 4.5 ലക്ഷം രൂപയും പുൽപള്ളിയിൽ നിന്ന് 19 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണം അപകടമല്ലെന്ന് മൊഴി നൽകി നേരത്തെ വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് സോബി. ഈ മൊഴിയുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ നുണപരിശോധനയ്ക്കും വിധേയനാക്കിയിരുന്നു.