01/04/2026
[fontresizer_tawhidurrahmandear_widget]

മരുമകളെ വെട്ടിക്കൊന്ന സംഭവം: ഗ്യാസ് അടുപ്പിൽ ചായ ഉണ്ടാക്കുന്നതിൽ വഴക്ക്; മുറി തള്ളിത്തുറന്നെത്തി പലതവണ വെട്ട

 മരുമകളെ വെട്ടിക്കൊന്ന സംഭവം: ഗ്യാസ് അടുപ്പിൽ ചായ ഉണ്ടാക്കുന്നതിൽ വഴക്ക്; മുറി തള്ളിത്തുറന്നെത്തി പലതവണ വെട്ട

നിലമ്പൂർ: ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുണ്ടുങ്ങൽ പുളിക്കത്തടത്തിൽ ശാന്തയെ (67) കൊലപാതകം നടന്ന വീട്ടിലെത്തിച്ചാണ് പൂക്കോട്ടുംപാടം പോലീസ് തെളിവുകൾ ശേഖരിച്ചത്. കൊലയ്ക്കുപയോഗിച്ച കത്തി അടുക്കളയിലെ അടുപ്പിനടിയിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തു.

ഇന്നലെ പുലർച്ചെ ആറരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മകൻ സുനിൽ ബാബു ജോലിക്ക് പോയ സമയത്ത് ശാന്തയും മരുമകൻ രജിലയും (28) തമ്മിൽ ഗ്യാസ് അടുപ്പിൽ ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലി വാക്കുതർക്കമുണ്ടായി. ശാന്ത ഉണ്ടാക്കിയ ചായ രജില എടുത്തുകളഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. തുടർന്ന് അരിവാൾ ഉപയോഗിച്ച് ശാന്ത രജിലയെ ക്രൂരമായി വെട്ടുകയായിരുന്നു. രജിലയുടെ പത്തും നാലും വയസ്സുള്ള പെൺകുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു ഈ അരുംകൊല.

കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന രജിലയെയും ഭാവഭേദമില്ലാതെ കൈ കഴുകുന്ന ശാന്തയെയുമാണ്. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രജില മരണത്തിന് കീഴടങ്ങിയിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോഴും രക്തം പുരണ്ട വസ്ത്രം ധരിച്ച് ശാന്ത അവിടെത്തന്നെ ഉണ്ടായിരുന്നു.

പൂക്കോട്ടുംപാടം ഇൻസ്‌പെക്ടർ എം. സനൽരാജിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജെയിംസ് ജോൺ, നാസർ തുടങ്ങിയവരാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്. മലപ്പുറത്തുനിന്നുള്ള വിരലടയാള വിദഗ്ധരും സയന്റിഫിക് ഓഫീസറും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് രാവിലെ രജിലയുടെ കൊയലമുണ്ടയിലെ ബന്ധുവീട്ടിൽ സംസ്കാരം നടക്കും.

Also read: