കവടിയാർ കൊട്ടാരത്തിലെ സ്വർണക്കൊള്ള; അന്വേഷണം യൂട്യൂബർമാരിലേക്ക്?
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന അമൂല്യമായ വജ്രാഭരണങ്ങളുടെയും പുരാതന സ്വർണശേഖരത്തിന്റെയും മോഷണത്തിൽ അന്വേഷണം സന്ദർശകരായ യൂട്യൂബർമാരിലേക്ക് വ്യാപിപ്പിക്കുന്നു. കൊട്ടാരത്തിലെ പൗരാണിക വസ്തുക്കൾ, പ്രത്യേകതകൾ, പഴയകാല കാറുകൾ എന്നിവ കേന്ദ്രീകരിച്ച് വീഡിയോ ചിത്രീകരിക്കാൻ എത്തിയവരെയാണ് പോലീസ് പ്രധാനമായും നിരീക്ഷിക്കുന്നത്. മോഷണം നടന്നതായി കരുതപ്പെടുന്ന കാലയളവിൽ കൊട്ടാരത്തിലെത്തിയ യൂട്യൂബർമാരുടെ പട്ടിക പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവർ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
കൊട്ടാരത്തിലെ രണ്ടാം നിലയിലെ കിടപ്പുമുറിയിലുള്ള ഇരുമ്പ് അലമാരയിലെ ലോക്കറിൽ നിന്നാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിക്ക് മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ സമ്മാനിച്ചവ ഉൾപ്പെടെയുള്ള അമൂല്യ ശേഖരമാണ് മോഷ്ടിക്കപ്പെട്ടത്. പ്രാഥമിക കണക്കനുസരിച്ച് 2 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെങ്കിലും യഥാർത്ഥ മൂല്യം ഇതിലും അധികമാകാമെന്ന് പോലീസ് പറയുന്നു. സുരക്ഷാ ജീവനക്കാരും സിസിടിവിയുമുള്ള കൊട്ടാരത്തിന്റെ ഉള്ളറകളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. ആഭരണങ്ങൾ പലപ്പോഴായി കടത്തിയതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, നവംബറിൽ ബെംഗളൂരുവിലേക്ക് പോകാനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം രാജകുടുംബം അറിയുന്നത്. കൊട്ടാരത്തിൽ വിശദമായ പരിശോധനകൾ നടത്തിയിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്ന് ഈ മാസം 13-നാണ് പോലീസിൽ ഔദ്യോഗിക പരാതി നൽകിയത്. ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം രാജകുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴിയെടുത്തു കഴിഞ്ഞു. വിദേശികളടക്കമുള്ള സന്ദർശകരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.