ഫലസ്തീൻ അനുകൂല പ്രതിഷേധം: ഒരു വർഷത്തെ കുടിയേറ്റ തടങ്കലിന് ശേഷം ലെഖാ കോർഡിയ മോചിതയായി
ന്യൂയോർക്ക്: ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ഒരു വർഷത്തിലേറെയായി യുഎസിൽ ഇമിഗ്രേഷൻ തടങ്കലിലായിരുന്ന ലെഖാ കോർഡിയ (33) മോചിതയായി. കഴിഞ്ഞ വർഷം മാർച്ച് 13 മുതൽ തടവിലായിരുന്ന ഇവരെ ജാമ്യത്തിൽ വിട്ടയക്കാൻ ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിടുകയായിരുന്നു. ടെക്സസിലെ അൽവാരാഡോയിലുള്ള പ്രൈറിലാൻഡ് ഡിറ്റൻഷൻ സെന്ററിൽ നിന്നാണ് കോർഡിയ പുറത്തിറങ്ങിയത്.
“ഞാൻ സ്വതന്ത്രയാണ്, ഒരു വർഷത്തിന് ശേഷം ഒടുവിൽ മോചനം ലഭിച്ചിരിക്കുന്നു” എന്ന് പുഞ്ചിരിയോടെ അവർ പ്രതികരിച്ചു. കോർഡിയയുടെ മോചനത്തിൽ കുടുംബാംഗങ്ങളും നിയമസംഘവും ആശ്വാസം രേഖപ്പെടുത്തി. മുൻപ് രണ്ട് തവണ ജഡ്ജി ഇവർക്ക് മോചനം അനുവദിച്ചിരുന്നെങ്കിലും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അത് തടയുകയായിരുന്നു. മൂന്നാം തവണയാണ് ജഡ്ജിയുടെ ഉത്തരവ് നടപ്പിലാകുന്നത്.
കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടന്ന ഗസ്സ വിരുദ്ധ സൈനിക നടപടികൾക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് കോർഡിയ അധികൃതരുടെ നിരീക്ഷണത്തിലായത്. വിദ്യാർത്ഥി വിസ (F-1) കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നുവെന്നാരോപിച്ചാണ് ഇമിഗ്രേഷൻ അധികൃതർ ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, ഫലസ്തീൻ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതിനാലാണ് തന്നെ ലക്ഷ്യം വെച്ചതെന്ന് കോർഡിയ ആരോപിക്കുന്നു.
ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിലുള്ള തന്റെ വീട്ടിൽ നിന്ന് 1,500 മൈലിലധികം അകലെയുള്ള ടെക്സസിലെ തടങ്കൽ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയിരുന്നത്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ മറ്റൊരു ബിരുദ വിദ്യാർത്ഥിയായ മഹ്മൂദ് ഖലീലിനെ സമാന സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു കോർഡിയയുടെയും അറസ്റ്റ്.
കൊളംബിയയിലെ പ്രതിഷേധങ്ങൾക്കിടെ പോലീസ് കോർഡിയയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തയാക്കിയിരുന്നു. എന്നാൽ, ഡിഎച്ച്എസ് ഇവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കോർഡിയ “ഹമാസ് അനുകൂല” പ്രതിഷേധങ്ങളിൽ പങ്കെടുത്തുവെന്നും അമേരിക്കയോട് ശത്രുതയുള്ള രാജ്യങ്ങളിലെ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകിയെന്നും അധികൃതർ സിഎൻഎന്നിനോട് പറഞ്ഞു.
ഈ ആരോപണങ്ങളെ കോർഡിയയുടെ നിയമസംഘം ശക്തമായി നിഷേധിച്ചു. ഗസ്സയിലെ യുദ്ധത്തിൽ വീടും ബിസിനസും തകർന്ന തന്റെ കുടുംബാംഗങ്ങൾക്ക് അയച്ച പണത്തെയാണ് അധികൃതർ ഇത്തരത്തിൽ വ്യാഖ്യാനിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നുവെന്നും അവർ വ്യക്തമാക്കി.
കിഴക്കൻ ജറുസലേമിൽ ജനിച്ച് വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ വളർന്ന കോർഡിയ 2016-ലാണ് യുഎസിലെത്തിയത്. ഗ്രീൻ കാർഡിനായുള്ള ഇവരുടെ അപേക്ഷ മുൻപ് അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും സാങ്കേതികമായ കാരണങ്ങളാൽ വിസ പദവിയിൽ മാറ്റം വരികയായിരുന്നു. ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി, ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങിയവർ കോർഡിയയുടെ മോചനത്തിനായി രംഗത്തുവന്നിരുന്നു.
നിലവിലെ ഭരണകൂടത്തിന് കീഴിൽ ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായാണ് കോർഡിയയെപ്പോലെയുള്ളവരെ ദീർഘകാലം തടങ്കലിൽ വെക്കുന്നതെന്ന് നിയമവിദഗ്ധർ നിരീക്ഷിക്കുന്നു.