എം.കെ മുനീറിന് 58 ലക്ഷത്തിന് ബാധ്യത: ജപ്തി ഭീഷണിയിലുള്ളത് സിഎച്ച് പണിത വീട്; ചരിത്രപരമായ രാഷ്ട്രീയനീക്കങ്ങൾക്ക് സാക്ഷിയായ ഇടം
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ മുനീറിന്റെ കോഴിക്കോട് നടക്കാവിലെ വസതി ജപ്തി ഭീഷണിയിൽ. മുൻ മുഖ്യമന്ത്രിയും മുനീറിന്റെ പിതാവുമായ സി.എച്ച് മുഹമ്മദ് കോയ പണിത ‘ക്രസന്റ് ഹൗസ്’ എന്ന വീടിനാണ് കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് നോട്ടീസ് നൽകിയിരിക്കുന്നത്. വായ്പാ കുടിശ്ശിക സഹിതം 58 ലക്ഷം രൂപയുടെ ബാധ്യതയാണ് നിലവിലുള്ളത്.
10 വർഷം മുമ്പ് വീട് നവീകരണത്തിനായി എടുത്ത 70 ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ബാധ്യത 48 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നെങ്കിലും അത് അടച്ചുതീർക്കാൻ സാധിച്ചില്ല. ഇതോടെയാണ് മാർച്ച് 31-നകം തുക അടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകിയത്.
മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഇടമാണ് ക്രസന്റ് ഹൗസ്. ഒരു വീട് എന്നതിലുപരി കോഴിക്കോട്ടെ ലീഗ് രാഷ്ട്രീയത്തിന്റെ ആസ്ഥാന മന്ദിരം പോലെയാണ് ഇത് പ്രവർത്തിച്ചിരുന്നത്. നേരത്തെ ജാഫർ ഖാൻ കോളനിയിലുണ്ടായിരുന്ന മുനീറിന്റെ മറ്റൊരു വീടും സമാനമായ രീതിയിൽ ജപ്തി ഭീഷണി നേരിട്ടിരുന്നു. അന്ന് ആ വീട് വിറ്റാണ് ബാധ്യതകൾ തീർത്തത്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം 4.34 കോടി രൂപയുടെ ആസ്തിയും 92 ലക്ഷം രൂപയുടെ ബാധ്യതയുമാണ് മുനീർ വെളിപ്പെടുത്തിയിരുന്നത്. ജപ്തി നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിൽ എം.കെ മുനീർ നാളെ മാധ്യമങ്ങളെ കണ്ട് തന്റെ വിശദീകരണം അറിയിക്കും.