കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയിൽ കെ.എം ഷാജി; മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടിയിലെ വിവിധ ഘടകങ്ങളുമായും ഭാരവാഹികളുമായും നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ അന്തിമമാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. പട്ടികയിൽ രണ്ട് വനിതകളും നിരവധി പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, എം.കെ മുനീർ, പി.കെ അബ്ദുറബ്ബ്, മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എന്നിവർ ഇത്തവണ മത്സരരംഗത്തില്ല. വ്യക്തിപരമായ കാരണങ്ങളാലും പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇവർ മാറിനിൽക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ കാരണം എം.കെ മുനീറും മത്സരരംഗത്തുനിന്ന് മാറിനിൽക്കുകയാണ്.
പാർട്ടിയുടെ കരുത്തുറ്റ മണ്ഡലമായ മലപ്പുറത്ത് നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി ജനവിധി തേടും. കുഞ്ഞാലിക്കുട്ടി മാറിയ വേങ്ങരയിൽ കെ.എം ഷാജിയെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.
യുവത്വത്തിനും വനിതകൾക്കും പ്രാധാന്യം
യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്(കൊടുവള്ളി), ഫൈസൽ ബാബു(കോഴിക്കോട് സൗത്ത്), പി.കെ നവാസ്(താനൂർ) എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. വനിതാ പ്രതിനിധ്യമായി ഫാത്തിമ തഹ്ലിയ പേരാമ്പ്രയിലും ജയന്തി രാജൻ കൂത്തുപറമ്പിലും മത്സരിക്കും.
ഇന്നു പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ:
മഞ്ചേശ്വരം: എ.കെ.എം അഷ്‌റഫ്
കാസർകോട്: കല്ലട്ര മാഹിൻ ഹാജി
അഴീക്കോട്: കരീം ചേലേരി
കൂത്തുപറമ്പ്: ജയന്തി രാജൻ
പേരാമ്പ്ര: ഫാത്തിമ തഹ്ലിയ
കുറ്റ്യാടി: പാറക്കൽ അബ്ദുല്ല
കൊടുവള്ളി: പി.കെ ഫിറോസ്
കോഴിക്കോട് സൗത്ത്: ഫൈസൽ ബാബു
കുന്ദമംഗലം: റസാഖ് മാസ്റ്റർ
തിരുവമ്പാടി: കാസിം കൂടരഞ്ഞി
കൊണ്ടോട്ടി: ടി.പി അഷ്‌റഫലി
വള്ളിക്കുന്ന്: ടി.വി ഇബ്രാഹിം
മഞ്ചേരി: അഡ്വ. റഹ്മത്തുല്ല
കോട്ടക്കൽ: ആബിദ് ഹുസൈൻ തങ്ങൾ
താനൂർ: പി.കെ നവാസ്
ഗുരുവായൂർ: സി.എച്ച് റഷീദ്
തിരൂർ: കുറുക്കോളി മൊയ്തീൻ
തിരൂരങ്ങാടി: പി.എം.എ സമീർ
മണ്ണാർക്കാട്: എൻ. ഷംസുദ്ദീൻ
കളമശ്ശേരി: അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ
പുനലൂർ, ചേലക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് തങ്ങൾ അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതും യുവത്വത്തിന് പ്രാധാന്യം നൽകുന്നതുമായ പട്ടികയാണിതെന്ന് സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ നേതാക്കൾ വ്യക്തമാക്കി.