02/06/2026
[fontresizer_tawhidurrahmandear_widget]

‘ഡിഎംകെയുടെ കാരുണ്യത്തിലാണ് തമിഴ്നാട് സർക്കാർ പ്രവർത്തിക്കുന്നത്’; വിജയ് തരംഗം അധികകാലം നിലനിൽക്കില്ലെന്ന് എം.കെ സ്റ്റാലിൻ

 ‘ഡിഎംകെയുടെ കാരുണ്യത്തിലാണ് തമിഴ്നാട് സർക്കാർ പ്രവർത്തിക്കുന്നത്’; വിജയ് തരംഗം അധികകാലം നിലനിൽക്കില്ലെന്ന് എം.കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്തിടെ ഭരണത്തിലേറിയ വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെ (തമിഴക വെട്രി കഴകം) സർക്കാരിനെതിരെയും നടൻ വിജയിക്കെതിരെയും രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് നിലവിലുള്ളത് ഒരു രാഷ്ട്രീയ തരംഗമല്ല, മറിച്ച് വെറുമൊരു ‘സിനിമാ സുനാമി’ മാത്രമാണെന്ന് സ്റ്റാലിൻ വിശേഷിപ്പിച്ചു. പുതിയ സർക്കാരിന് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിയില്ലെന്നും ഡിഎംകെയുടെ കാരുണ്യത്തിലാണ് നിലവിലെ ഭരണ മുന്നേറ്റമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആരോപിച്ചു.

രാഷ്ട്രീയ ബോധ്യമല്ല, മറിച്ച് ഒരു ജനപ്രിയ സിനിമാതാരത്തോടുള്ള താൽക്കാലിക ആവേശം മാത്രമാണ് വോട്ടർമാരെ വിജയിന്റെ പാർട്ടിക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചത്. കുട്ടികൾക്ക് കളിപ്പാട്ടങ്ങളോടുള്ള താല്പര്യം നഷ്ടപ്പെടുന്നത് പോലെ വോട്ടർമാർക്ക് ഈ സർക്കാരിനോടുള്ള താല്പര്യം വൈകാതെ നഷ്ടപ്പെടുമെന്നും, ഒടുവിൽ ജനങ്ങൾ ഡിഎംകെയെ തന്നെ വീണ്ടും ആശ്രയിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

നിയമസഭയിൽ സ്വന്തമായി ഭൂരിപക്ഷം തെളിയിക്കാൻ ടിവികെയ്ക്ക് കഴിഞ്ഞിട്ടില്ല. 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ പുറത്തുനിന്നുള്ള പിന്തുണയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ, വിസികെ, ഐയുഎംഎൽ തുടങ്ങിയ കക്ഷികൾ ആദ്യം പുറത്തുനിന്ന് പിന്തുണച്ചെങ്കിലും പിന്നീട് മന്ത്രിസഭയുടെ ഭാഗമാവുകയായിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ് സർക്കാരെന്ന് സ്റ്റാലിൻ വ്യക്തമാക്കിയത്. കൂടാതെ എഐഎഡിഎംകെയെ പിളർത്താൻ ശ്രമങ്ങൾ നടന്നതായും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിയുടെ ഭാഗമായി മത്സരിച്ച കോൺഗ്രസ്, ഫലം വന്നയുടൻ സഖ്യം വിട്ട് 5 സീറ്റുകളുമായി ടിവികെയെ പിന്തുണയ്ക്കുകയായിരുന്നു. തുടർന്ന് വിസികെയും ഐയുഎംഎല്ലും വിജയിനൊപ്പം ചേർന്നു. 2021-ൽ 133 സീറ്റുകൾ നേടിയ ഡിഎംകെയ്ക്ക് ഇത്തവണ വെറും 59 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച കൊളത്തൂർ മണ്ഡലത്തിൽ ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ പരാജയപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം തികച്ചും അസ്ഥിരമാണെന്നും സ്റ്റാലിൻ വിലയിരുത്തി.

Also read: