ബിജെപിയിൽ ചേരാൻ തീരുമാനിച്ചപ്പോൾ രജനീകാന്ത് വിളിച്ചു; അന്ന് ആവശ്യം നിരസിച്ചതിന് ക്ഷമ ചോദിക്കേണ്ടിവന്നു- അണ്ണാമലൈ
രജനീകാന്ത്, അണ്ണാമലൈ
ചെന്നൈ: ബി.ജെ.പിയിൽനിന്നു രാജിവെച്ചതിന് പിന്നാലെ രാഷ്ട്രീയഭാവി സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുമായി കെ. അണ്ണാമലൈ. തമിഴ്നാട്ടിൽ സ്വന്തമായി പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് തന്റെ മുൻകാല രാഷ്ട്രീയ യാത്രയെക്കുറിച്ചും ബി.ജെ.പി പ്രവേശനം സംബന്ധിച്ചുമുള്ള അഭ്യൂഹങ്ങൾക്കും അദ്ദേഹം മറുപടി നൽകിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തമിഴ് സൂപ്പർതാരം രജനീകാന്ത് തന്നെ തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് അണ്ണാമലൈ വെളിപ്പെടുത്തി.
‘ഞാൻ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ച സമയത്ത് രജനീകാന്ത് എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സംഘടനയിൽ ചേരണമെന്ന് അദ്ദേഹം എന്നോട് അഭ്യർത്ഥിച്ചു. എന്നാൽ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിന് ഞാൻ നൽകിയ വാക്ക് ലംഘിക്കാൻ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ രജനീകാന്തിന്റെ ക്ഷണം നിരസിക്കേണ്ടി വന്നു. ബി.ജെ.പിയിൽ ചേരുകയും ചെയ്തു. പിന്നീട് ഇതിൽ ക്ഷമ ചോദിക്കാൻ ഞാൻ രജനീകാന്തിനെ നേരിട്ട് കണ്ടിരുന്നു.’-അണ്ണാമലൈ വെളിപ്പെടുത്തി.
ബി.എൽ സന്തോഷ് തനിക്ക് നൽകിയ ഉറപ്പിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നും തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിക്കാനാണ് ഇപ്പോൾ ഇത് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര നേതൃത്വവുമായി ഒത്തുപോകാൻ കഴിയാത്തതാണ് പാർട്ടി വിടാൻ കാരണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീന് അയച്ച രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി ബന്ധം പൂർണമായും അവസാനിപ്പിച്ചതിന് പിന്നാലെ, പുതിയ രാഷ്ട്രീയ പാർട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പുതിയ പാർട്ടി മത്സരിക്കുമെന്നും അണ്ണാമലൈ അറിയിച്ചു.
തമിഴ്നാടുമായി ബന്ധപ്പെട്ട രാഷ്ട്രീയ തന്ത്രങ്ങളിൽ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവുമായി കഴിഞ്ഞ 18 മാസമായി തനിക്ക് കടുത്ത വിയോജിപ്പുകളുണ്ടായിരുന്നുവെന്ന് അണ്ണാമലൈ രാജിക്കത്തിൽ തുറന്നടിച്ചു. ”ദേശീയ പാർട്ടികൾ ഒരിക്കലും തമിഴ്നാട്ടിലെ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിലല്ല സംസാരിച്ചത്. പ്രാദേശിക താൽപര്യങ്ങളുള്ള ഒരു ദേശീയവാദി എന്ന നിലയിൽ എന്റെ ഭാഷയിലും സംസ്‌കാരത്തിലും ഞാൻ അഭിമാനിക്കുന്നു. തമിഴ്‌നാടിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ കേന്ദ്ര നേതൃത്വത്തിനുമേൽ ഇനി ഒരു ഭാരമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ചിന്തകൾ പരസ്പരം പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമായതിനാലാണ് പാർട്ടി വിടുന്നത്,’ അണ്ണാമലൈ വ്യക്തമാക്കി.
‘ഇന്നുമുതൽ എല്ലാ ജനങ്ങളെയും സ്വാഗതം ചെയ്തുകൊണ്ട് ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കുകയാണ്. ഈ പ്രസ്ഥാനം വൈകാതെ ഒരു രാഷ്ട്രീയ പാർട്ടിയായി മാറി തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും,’ അണ്ണാമലൈ പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിൽ സ്ഥിരമായി നേതാക്കളോ എം.പിമാരോ എം.എൽ.എമാരോ ഉണ്ടാകുന്ന അവസ്ഥയും കുടുംബ ഭരണങ്ങളും അവസാനിപ്പിക്കും. വ്യക്തിപൂജാ രാഷ്ട്രീയത്തിൽനിന്ന് തമിഴ്നാടിനെ മോചിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അണ്ണാമലൈയുടെ കടുത്ത വിയോജിപ്പുകൾ അവഗണിച്ചുകൊണ്ട് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ നീക്കമാണ് പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള രാജിയും പുതിയ പാർട്ടി പ്രഖ്യാപനവും തമിഴ്നാട് ബി.ജെ.പിയിൽ വലിയ അസംതൃപ്തിക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന് ബദലായി പുതിയ മതേതര, പ്രാദേശിക ശക്തിയായി ഉയർന്നുവരാനാണ് അണ്ണാമലൈ ലക്ഷ്യമിടുന്നത്.
അതേസമയം, അണ്ണാമലൈയുടെ രാജി ബി.ജെ.പിക്ക് യാതൊരു നഷ്ടവുമുണ്ടാക്കില്ലെന്ന് നിലവിലെ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചു.