ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തു
ചെന്നൈ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ 131-ാമത് ജന്മദിനാഘോഷം തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ചു. ചെന്നൈ ട്രിപ്ലിക്കെയ്‌നിലെ ഖാഇദെ മില്ലത്ത് ഹൈവേയിലുള്ള ചരിത്രപ്രസിദ്ധമായ വല്ലാജാ ജുമാ മസ്ജിദിലെ അദ്ദേഹത്തിന്റെ ഖബറിടത്തിൽ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരിട്ടെത്തി ആദരമർപ്പിച്ചു. ഖബറിടത്തിൽ പുഷ്പാർച്ചന നടത്തിയ വിജയ്, പരമ്പരാഗതമായ ആദരസൂചകമായി ‘പട്ടുപോർവ’ (ആദരമർപ്പിക്കുന്ന ഷാൾ) അണിയിക്കുകയും പ്രത്യേക പ്രാർത്ഥനകളിൽ പങ്കാളിയാകുകയും ചെയ്തു.
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീന്റെ നേതൃത്വത്തിലുള്ള പാർട്ടി ഭാരവാഹികൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജോസഫ് വിജയ്യെ നേരിൽ കണ്ട് ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് കൃത്യം രാവിലെ 9 മണിയോടെയാണ് മുഖ്യമന്ത്രി വല്ലാജാ മസ്ജിദ് വളപ്പിൽ എത്തിയത്. അദ്ദേഹത്തെ മുസ്ലിം ലീഗ് നേതാക്കൾ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള പ്രമുഖ മുസ്ലിം ലീഗ് നേതാക്കളുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ, ദേശീയ ജനറൽ സെക്രട്ടറിയും കേരള ഐ.ടി-വ്യവസായ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തമിഴ്നാട് മന്ത്രിസഭയിലെ അംഗങ്ങളായ ന്യൂനപക്ഷ ക്ഷേമ മന്ത്രി എ.എം ഷാജഹാൻ, എൻ. ആനന്ദ്, ആദവ് അർജുന, വെങ്കിട്ടരാമൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഖാഇദെ മില്ലത്തിന് ആദരമർപ്പിച്ചു.
തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തതിനെ ഹൃദയം നിറഞ്ഞ വാക്കുകളോടെയാണ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചത്. ഭരണഘടനാ അസംബ്ലിയിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായി ശബ്ദിച്ച നേതാവായിരുന്നു ഖാഇദെ മില്ലത്തെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
‘തമിഴ് ജനതയ്ക്കും ദ്രാവിഡ രാഷ്ട്രീയത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തി തമിഴ്നാട് സർക്കാർ എന്നും അദ്ദേഹത്തെ ആദരവോടെയാണ് നെഞ്ചോട് ചേർത്തിട്ടുള്ളത്. ആ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്, തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി ബഹുമാനപ്പെട്ട സി. ജോസഫ് വിജയ് ഈ ചടങ്ങിൽ പങ്കെടുത്തത് മതേതര-ജനാധിപത്യ മൂല്യങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ്. കേരളവും തമിഴ്നാടും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ-സൗഹൃദ ബന്ധത്തിന്റെ തുടർച്ച കൂടിയായി ഈ സന്ദർഭത്തെ ഞങ്ങൾ കാണുന്നു. മതേതരത്വവും പരസ്പര ബഹുമാനവും ഉയർത്തിപ്പിടിക്കുന്ന ഈ നിലപാടുകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു,’-കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിക്ക് പുറമെ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മറ്റ് പ്രമുഖ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും ഔദ്യോഗിക പ്രതിനിധികളും ഖാഇദെ മില്ലത്തിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കാൻ എത്തിയിരുന്നു. വൻ ജനപങ്കാളിത്തത്തോടെയാണ് ചെന്നൈയിൽ ഖാഇദെ മില്ലത്തിന്റെ ജന്മദിനാഘോഷങ്ങൾ നടന്നത്.