14/06/2026
[fontresizer_tawhidurrahmandear_widget]

ദേശീയ വിദ്യാഭ്യാസ മുന്നേറ്റത്തിൽ പുതിയ നാഴികക്കല്ലുമായി ദാറുൽ ഹുദാ; യൂണിവേഴ്‌സിറ്റി ബിഹാർ കാമ്പസിന് സാദിഖലി തങ്ങൾ ശിലയിട്ടു

 ദേശീയ വിദ്യാഭ്യാസ മുന്നേറ്റത്തിൽ പുതിയ നാഴികക്കല്ലുമായി ദാറുൽ ഹുദാ; യൂണിവേഴ്‌സിറ്റി ബിഹാർ കാമ്പസിന് സാദിഖലി തങ്ങൾ ശിലയിട്ടു

പട്ന: മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ ദേശീയതലത്തിൽ സമഗ്രമായ സാമൂഹ്യ ശാക്തീകരണം ലക്ഷ്യമിടുന്ന ദാറുൽ ഹുദായുടെ പുതിയ ദൗത്യത്തിന് ബിഹാറിൽ തുടക്കമായി. ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ ബിഹാർ കാമ്പസിന്റെ ശിലാസ്ഥാപനകർമം ചാൻസലർ പാണക്കാട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കേരളത്തിന് പുറത്ത് ദാറുൽഹുദാ സ്ഥാപിക്കുന്ന ആറാമത്തെ കാമ്പസാണിത്.

ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ നർകട്ടിയാഗഞ്ച് കൗവാഹയിലാണ് പുതിയ കലാലയം ഉയർന്നു വരുന്നത്.

പ്രദേശവാസിയും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ അഡ്വ. ഇംതിയാസ് അഹ്‌മദ് സൗജന്യമായി നൽകിയ അഞ്ചേക്കർ സ്ഥലത്താണ് കാമ്പസ് നിർമ്മിക്കുന്നത്. ഇന്ത്യ–നേപ്പാൾ അതിർത്തി പ്രദേശമായ നർകട്ടിയാഗഞ്ചിൽ ദാറുൽഹുദാ കാമ്പസ് യാഥാർത്ഥ്യമാകുന്നതോടെ, ഉത്തരേന്ത്യയ്ക്ക് പുറമെ നേപ്പാളിലെയും പിന്നാക്ക സമൂഹത്തിൻ്റെ സാമൂഹിക–വിദ്യാഭ്യാസ പുരോഗതിക്ക് കേന്ദ്രം കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ നർകട്ടിയാഗഞ്ചിൽ നിന്ന് അഞ്ഞൂറോളം കിലോമീറ്റർ അകലെയുള്ള കിഷൻഗഞ്ചിൽ, ഹുദവി കൂട്ടായ്മയായ ‘ഹാദിയ’യുടെ നേതൃത്വത്തിലുള്ള ഖുർത്വുബ വെൽഫെയർ ഫൗണ്ടേഷന് കീഴിൽ ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള വിവിധ വിദ്യാഭ്യാസ പദ്ധതികൾ വിജയകരമായി നടന്നുവരുന്നുണ്ട്.

ദേശീയതലത്തിലുള്ള വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഭാഗമായി കഴിഞ്ഞ 17 വർഷത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽ ദാറുൽ ഹുദാ കാമ്പസുകൾ ആരംഭിച്ചിട്ടുണ്ട്. 2009-ൽ ആന്ധ്രപ്രദേശിലെ പുംഗനൂരിൽ തുടങ്ങി, 2012-ൽ പശ്ചിമബംഗാൾ, 2014-ൽ അസം, 2016-ൽ കർണാടക, 2023-ൽ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കാമ്പസുകൾ സ്ഥാപിച്ചു. ഇതിനിടെ 2021-ൽ തിരുവനന്തപുരത്തും കാമ്പസ് ആരംഭിക്കുകയുണ്ടായി.

വിവിധ സംസ്ഥാനങ്ങളിൽ ദാറുൽ ഹുദാ നേരിട്ടു നടത്തുന്ന കാമ്പസുകളിലും അഫിലിയേറ്റഡ് യു.ജി സ്ഥാപനങ്ങളിലുമായി രണ്ടായിരത്തിലധികം അന്യസംസ്ഥാന വിദ്യാർത്ഥികൾ നിലവിൽ പഠിച്ചുവരുന്നുണ്ട്. എന്നാൽ, ഉത്തരേന്ത്യയിലെ ദയനീയമായ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് പരിമിതമാണെന്നും, ഇനിയും ഒട്ടനവധി കാമ്പസുകൾ വിവിധ സംസ്ഥാനങ്ങളിൽ ഉയർന്നുവരേണ്ടതുണ്ടെന്നും സമുദായ നേതൃത്വവും വിദ്യാഭ്യാസ പ്രവർത്തകരും ഈ മേഖലയ്ക്ക് സജീവ പരിഗണന നൽകണമെന്നും വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഓർമ്മിപ്പിച്ചു.

അജ്ഞതയും ദാരിദ്ര്യവും കാരണം അരികുവത്കരിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ സമഗ്രമായ ഉത്ഥാനം കേവലം ചാരിറ്റിയിലൂടെയല്ല, മറിച്ച് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന ദാറുൽ ഹുദായുടെ നാല് പതിറ്റാണ്ടുകാലത്തെ പ്രവർത്തന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ ചുവടുവെപ്പ്.

ചടങ്ങിൽ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ഹാരിസ് ബീരാൻ എംപി, യു. ഷാഫി ഹാജി തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

Also read: