19/06/2026
[fontresizer_tawhidurrahmandear_widget]

‘രാഹുൽ ഗാന്ധി ഒരു വലിയ തമാശ, രാഷ്ട്രീയ പക്വതയില്ലാത്ത വ്യക്തി; തിളങ്ങുന്ന കളിപ്പാട്ടം കണ്ട കുട്ടികളെപ്പോലെ കോൺഗ്രസ് മറുപക്ഷം ചാടി’: ഡിഎംകെ

 ‘രാഹുൽ ഗാന്ധി ഒരു വലിയ തമാശ, രാഷ്ട്രീയ പക്വതയില്ലാത്ത വ്യക്തി; തിളങ്ങുന്ന കളിപ്പാട്ടം കണ്ട കുട്ടികളെപ്പോലെ കോൺഗ്രസ് മറുപക്ഷം ചാടി’: ഡിഎംകെ

ചെന്നൈ: കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി ഡിഎംകെ. തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ സഖ്യം വിട്ട് വിജയ്‌യുടെ ടിവികെയോടൊപ്പം ചേർന്ന പശ്ചാത്തലത്തിലാണ് വിമർശനം. രാഹുൽ ഗാന്ധി രാഷ്ട്രീയമായി പക്വതയില്ലാത്ത വ്യക്തിയാണെന്നും പ്രതിപക്ഷ ഐക്യം തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരശൊലി’ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ ‘ഒരു വലിയ തമാശ’ എന്നാണ് ലേഖനത്തിൽ പരിഹസിച്ചിരിക്കുന്നത്.

കോൺഗ്രസിന്റെ നിലപാടുകൾ ‘ഇന്ത്യ’ സഖ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതായി മുരശൊലിയുടെ എഡിറ്റോറിയൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ നിലനിൽപ്പിനായി പോരാടിയ സമയത്ത് കോൺഗ്രസിനെ ഡിഎംകെ ചുമലിലേറ്റിയെന്നും, എന്നാൽ തിളങ്ങുന്ന കളിപ്പാട്ടം കണ്ട കുട്ടികളെപ്പോലെ അവർ മറുപക്ഷത്തേക്ക് ചാടുകയാണുണ്ടായതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി അഞ്ച് നിയമസഭാ സീറ്റുകൾ നേടിയ കോൺഗ്രസ്, പിന്നീട് സഖ്യം ഉപേക്ഷിച്ച് ടിവികെ സർക്കാരിന്റെ ഭാഗമാവുകയായിരുന്നു.

കോൺഗ്രസിന്റെ ഈ നീക്കത്തെ ‘വഞ്ചന’ എന്നാണ് ഡിഎംകെ വിശേഷിപ്പിക്കുന്നത്. അമൃതിന് പകരം വിഷം കുടിക്കുന്ന സമീപനമാണ് രാഹുൽ ഗാന്ധിയുടേതെന്നും, ഡിഎംകെ പിന്തുണയോടെ ജയിച്ച ശേഷം കോൺഗ്രസ് നടത്തിയ കൂറുമാറ്റം ഹൈക്കമാൻഡിന്റെ അറിവോടെയാണെന്നും മുരശൊലി ആരോപിക്കുന്നു. ബിജെപിയെ നേരിടുന്നതിനേക്കാൾ കോൺഗ്രസിന് താല്പര്യം സ്വന്തം സഖ്യകക്ഷികളെ ലക്ഷ്യമിടുന്നതിലാണോ എന്ന കേരളത്തിലെ ഇടതുപക്ഷ നേതാക്കളുടെ വിമർശനവും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. കോൺഗ്രസ് ടിവികെയോടൊപ്പം ചേർന്നതോടെ ഡിഎംകെ നിലവിൽ ഇന്ത്യ സഖ്യത്തിൽ സഹകരിക്കാതെ വിട്ടുനിൽക്കുകയാണ്.

Also read: