‘എത്ര പ്രതിഷേധക്കാരെ തടവിലാക്കാൻ പറ്റും; ഡൽഹി മോദിയുടെ അച്ഛന്റെ സ്വത്തല്ല’; സിജെപി നേതാക്കളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെതിരെ പ്രതിപക്ഷ നേതാക്കൾ
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ മിന്നൽ പ്രതിഷേധം നടത്തിയ സംഭവത്തിൽ സിജെപി സഹ കൺവീനർമാരായ അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്ത്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ, തൃണമൂൽ നേതാക്കളായ മഹുവ മൊയ്ത്ര, അഭിഷേക് ബാനർജി, ശിവസേന നേതാവ് ആദിത്യ താക്കറെ എന്നിവരാണ് കേന്ദ്ര സർക്കാരിനെയും നടപടിയെയും അതിരൂക്ഷമായി വിമർശിച്ചത്.
സ്വന്തം രാജ്യത്ത് പതാക വീശുന്നത് കുറ്റകരമാണോ എന്ന് കെജ്രിവാൾ ചോദിച്ചു. എത്ര പ്രതിഷേധക്കാരെ തടവിലാക്കാൻ കഴിയുമെന്ന് ചോദ്യമുന്നയിച്ച എം.കെ സ്റ്റാലിൻ, അറസ്റ്റിലായവർക്ക് നിയമസഹായം നൽകുമെന്ന് ഉറപ്പുനൽകി. ജന്തർ മന്തർ പൗരന്മാരുടേതാണെന്നും ഡൽഹി മോദിയുടെ അച്ഛന്റെ സ്വത്തല്ലെന്നും മഹുവ മൊയ്ത്ര പ്രതികരിച്ചു. ദേശീയ പതാക ഉയർത്തുന്നത് കുറ്റകൃത്യമായി കാണുന്ന ബിജെപിയുടെ ഭരണത്തിന് കീഴിൽ ജനാധിപത്യം അപകടത്തിലാണെന്ന് അഭിഷേക് ബാനർജിയും ആദിത്യ താക്കറെയും കുറ്റപ്പെടുത്തി.
ഇന്നലെ പൊലീസ് വിലക്ക് മറികടന്ന് ഗേറ്റ് ചാടിക്കടന്ന് ഇരുപതോളം സിജെപി പ്രവർത്തകർ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറി ദേശീയ പതാക ഉയർത്തുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കേസിൽ കസ്റ്റഡിയിലുണ്ടായിരുന്ന മറ്റൊരു നേതാവായ അജിങ്ക്യ ഷിൻഡെയെ വ്യക്തിഗത ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.