19/10/2026
[fontresizer_tawhidurrahmandear_widget]

ജന്തർ മന്തർ പ്രതിഷേധം: ധ്രുവ് റാഠിയുൾപ്പെടെ നിരവധി പേർ കസ്റ്റഡിയിൽ

 ജന്തർ മന്തർ പ്രതിഷേധം: ധ്രുവ് റാഠിയുൾപ്പെടെ നിരവധി പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നടക്കാനിരിക്കുന്ന ‘ജന്തർ മന്തർ 2.0’ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ സോഷ്യൽ ആക്ടിവിസ്റ്റ് ധ്രുവ് റാഠിയെയും നിരവധി വിദ്യാർഥികളെയും യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എൻസിആറിൽ എത്തിച്ചേർന്ന ധ്രുവ് റാഠിയെ ഡൽഹിക്ക് സമീപം ഗുഡ്ഗാവിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.

സമരം തടയുന്നതിനായി ഡൽഹിയിലുടനീളം സർക്കാർ ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ മാത്രം കൊണാട്ട് പ്ലേസിന്റെ ഇന്നർ സർക്കിളിൽ നിന്ന് 150-ലധികം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ആയിരത്തിലധികം പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഡൽഹിയിലെ വിവിധ ജില്ലകളിലായി 13 താൽക്കാലിക തടങ്കൽ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ 30,000-ത്തിലധികം ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 23,000 അർധസൈനിക വിഭാഗങ്ങളെയുമാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ജന്തർ മന്തറിലേക്കുള്ള റോഡുകളിൽ രണ്ടാൾ പൊക്കത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. സുരക്ഷ ഉറപ്പാക്കാൻ ഡൽഹിയിൽ 24 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ന്യൂഡൽഹി, നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള ട്രെയിൻ സർവീസുകൾക്കും ഇന്ത്യൻ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി.

ജന്തർ മന്തറിലേക്ക് യാത്ര ചെയ്യുന്ന സംശയാസ്പദമായ വ്യക്തികളെ വാഹനങ്ങളിൽ കയറ്റരുതെന്ന് ഊബർ, ഓല തുടങ്ങിയ കാബ് സേവനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒപ്പം, വലിയ അളവിൽ ഭക്ഷണം ഓർഡർ ചെയ്യുന്നവരെ കണ്ടെത്താൻ സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെയും പൊലീസ് നിരീക്ഷിച്ചു വരികയാണ്.

Also read: