ഡൽഹിയിൽ മാധ്യമപ്രവർത്തക ഫിദ ഫാത്തിമയ്ക്ക് നേരെ കയ്യേറ്റശ്രമം: തടഞ്ഞുവെച്ചത് പ്രസ് കാർഡ് ധരിച്ചെത്തിയ സംഘം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയും അധിക്ഷേപവും കയ്യേറ്റശ്രമവും. മക്തൂബ് മീഡിയയുടെ റിപ്പോർട്ടറായ ഫിദ ഫാത്തിമ, എഡിറ്റോറിയൽ ഇന്റേൺ നദ സഈദ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ അക്തറിസ്ത അൻസാരി എന്നിവർക്ക് നേരെയാണ് അതിക്രമമുണ്ടായത്.
ഇന്ന് നടന്ന എസ്ഐആർ വിരുദ്ധ പ്രതിഷേധം കവർ ചെയ്യുന്നതിനിടെയാണ് സംഭവം. പ്രസ് കാർഡ് ധരിച്ച് മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തിയ സംഘം ഫിദ ഫാത്തിമയെയും സഹപ്രവർത്തകരെയും തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് നേരെ ‘ടോപ്പി മീഡിയ’ എന്ന് വിളിച്ച് ഇസ്ലാമോഫോബിക് അധിക്ഷേപങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്റെ അതിക്രമം. ‘ഇവർ മോദിജിയെ ചീത്തവിളിക്കുകയാണ്’ എന്ന് സംഘത്തിലൊരാൾ ഉച്ചത്തിൽ വിളിച്ചുപറയുകയായിരുന്നു.
എന്നാൽ സംഘത്തിന്റെ വർഗീയ പരാമർശങ്ങളെയും ഭീഷണികളെയും ഫിദ ഫാത്തിമ ശക്തമായി ചോദ്യം ചെയ്തു. പ്രസ് ഐഡന്റിറ്റി കാർഡുകൾ കാണിക്കാൻ ആവശ്യപ്പെടുകയും ‘വർഗീയത അവസാനിപ്പിക്കൂ’ എന്ന് വ്യക്തമാക്കി തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ തിരിച്ചറിയൽ രേഖകൾ കാണിക്കാൻ തയാറാകാതിരുന്ന സംഘം മാധ്യമപ്രവർത്തകർക്ക് നേരെ അസഭ്യവർഷം തുടർന്നു.
ഡൽഹിയിൽ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നേരെ തുടർച്ചയായി ഭീഷണികളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നുവെന്ന പരാതികൾക്കിടയിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.