19/10/2026
[fontresizer_tawhidurrahmandear_widget]

NSU നേതാവ് ആതിരയുടെ പരാതി: ഡൽഹി പൊലീസിനെതിരെ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്

 NSU നേതാവ് ആതിരയുടെ പരാതി: ഡൽഹി പൊലീസിനെതിരെ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ ഡൽഹി പൊലീസ് മർദിച്ചെന്ന പരാതിയിൽ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. എൻ.എസ്.യു നേതാവ് ആതിര സി. നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്ന് അന്യായമായ ആക്രമണമുണ്ടായെന്നും കസ്റ്റഡിയിൽ വെച്ച് മർദിച്ചെന്നുമാണ് പരാതിയിലുള്ളത്. പൊതുജനമധ്യത്തിലൂടെ ബലമായി വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തതായി ആതിര ആരോപിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെടുത്താതെയാണ് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സഞ്ചരിക്കുന്ന ജയിലുകളിൽ വെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെയടക്കം ക്രൂരമായി മർദിച്ചുവെന്നും മുസ്ലിം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരിക്കേറ്റ ആതിര മാധ്യമങ്ങളോട് പറഞ്ഞു. ചഞ്ചൽ യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ യൂണിഫോം ധരിച്ചവരും അല്ലാത്തവരുമാണ് മർദിച്ചതെന്നും പ്രവർത്തകർ ആരോപിച്ചു. പരിക്കേറ്റ പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധിയും മാധ്യമങ്ങളെ കണ്ടിരുന്നു.

ഡൽഹി പൊലീസിന്റേത് ഗുരുതരമായ തെറ്റാണെന്നും നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. സമരത്തിൽ പങ്കെടുക്കുന്നത് കുറ്റമല്ലെന്നും വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എഫ്ഐആർ നടപടികൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: