19/06/2026
[fontresizer_tawhidurrahmandear_widget]

‘ബ്രേക്കപ്പിനിടയിലെ സൗഹൃദം’; രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് സ്റ്റാലിൻ

 ‘ബ്രേക്കപ്പിനിടയിലെ സൗഹൃദം’; രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ കോൺഗ്രസ് ദീർഘകാലത്തെ സഖ്യം തകർന്നതിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് എം.കെ സ്റ്റാലിൻ. എക്‌സിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്. മുൻ വർഷങ്ങളിൽ പ്രിയപ്പെട്ട സഹോദരന് എന്ന് വിശേഷിപ്പിച്ച് ആശംസകൾ അറിയിച്ച സ്റ്റാലിൻ ഈ വർഷം ഔദ്യോഗികമായി പ്രതിപക്ഷ നേതാവിന് ആശംസകൾ എന്നാണ് അറിയിച്ചത്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ച് പുതുതായി അധികാരത്തിലേറിയ നടൻ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് പിന്തുണ നൽകിയിരുന്നു. തങ്ങളെ പിന്നിൽ നിന്ന് കുത്തിയെന്നാണ് ഇതിനെതിരെ ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡിഎംകെ നേതാക്കൾ പരസ്യമായി ആരോപിച്ചത്. ഇതിന്റെ തുടർച്ചയായി പാർലമെന്റിൽ കോൺഗ്രസിനൊപ്പം ഇരിക്കില്ലെന്ന് പ്രഖ്യാപിച്ച ഡിഎംകെ സ്പീക്കർക്ക് കത്ത് നൽകുകയും പ്രതിപക്ഷത്തിന്റെ ‘ഇൻഡ്യ’ മുന്നണി യോഗങ്ങൾ പൂർണ്ണമായി ബഹിഷ്‌കരിക്കുകയും ചെയ്തു.

ഡിഎംകെയുടെ മുഖപത്രമായ മുരശൊലിയിലൂടെ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളെ അതിരൂക്ഷമായി വിമർശിക്കുന്ന ലേഖനങ്ങൾ തുടർച്ചയായി പുറത്തുവരുന്നുണ്ട്. അതേസമയം, സ്റ്റാലിൻ രാഹുലിനോട് ഔദ്യോഗികമായ അകലം പാലിച്ചപ്പോൾ, കോൺഗ്രസിന്റെ പുതിയ സഖ്യകക്ഷിയായ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് രാഹുലിനെ ‘എന്റെ പ്രിയ സഹോദരൻ’ എന്ന് വിളിച്ച് വൈകാരികമായ രീതിയിൽ ജന്മദിനക്കുറിപ്പ് പങ്കുവെച്ചതും പുതിയ രാഷ്ട്രീയ സമവാക്യമായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also read: