ജപ്തി ഭീഷണി ഒഴിഞ്ഞു, എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു; 49 ലക്ഷം രൂപ അടച്ചത് മുസ്‌ലിം ലീഗ്
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീറിന്റെ ബാങ്ക് വായ്പ കുടിശ്ശിക തീർപ്പാക്കി. 49 ലക്ഷം രൂപയുടെ ബാധ്യതയാണ് മുസ്‌ലിം ലീഗ് നേതൃത്വം ഇടപെട്ട് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ അടച്ചുതീർത്തത്. പാർട്ടി അക്കൗണ്ടിൽ നിന്നാണ് തുക കൈമാറിയത്. പാണക്കാട് സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ മുനീറുമായി സംസാരിച്ചതിന് പിന്നാലെയാണ് കടബാധ്യത ഏറ്റെടുക്കാൻ പാർട്ടി തീരുമാനിച്ചത്.
മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ പണികഴിപ്പിച്ച നടക്കാവിലെ ‘ക്രെസന്റ് ഹൗസ്’ എന്ന വീടിന് ജപ്തി നോട്ടീസ് ലഭിച്ചതാണ് പാർട്ടിയെ അടിയന്തര നീക്കത്തിന് പ്രേരിപ്പിച്ചത്. 58 ലക്ഷം രൂപയായിരുന്ന വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷം രൂപയായി കുറച്ചിരുന്നു. എന്നാൽ ഇത് അടച്ചുതീർക്കാൻ മാർച്ച് 31 വരെ സമയം അനുവദിച്ചിരുന്ന ബാങ്ക്, അല്ലാത്തപക്ഷം ജപ്തി നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
30 വർഷത്തെ പാർലമെന്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമ്പോഴും കടുത്ത സാമ്പത്തിക ബാധ്യതകളാണ് മുനീറിനെ അലട്ടിയിരുന്നത്. നേരത്തെ സി.എച്ച് മുഹമ്മദ് കോയ അന്തരിച്ച സമയത്തും പാർട്ടി ഇടപെട്ടാണ് കുടുംബത്തിന്റെ കടങ്ങൾ തീർത്തത്.