28/03/2026
[fontresizer_tawhidurrahmandear_widget]

‘ഒരു ചെറിയ അബദ്ധം മതി നിങ്ങളുടെ ജീവിതം തീരാൻ’; ആമസോൺ കാട്ടിലെ അപകടദൃശ്യം പങ്കുവെച്ച് മാഹീൻ

 ‘ഒരു ചെറിയ അബദ്ധം മതി നിങ്ങളുടെ ജീവിതം തീരാൻ’; ആമസോൺ കാട്ടിലെ അപകടദൃശ്യം പങ്കുവെച്ച് മാഹീൻ

ലിമ : ആമസോൺ നദിയിലൂടെയുള്ള യാത്രക്കിടെയുണ്ടായ അപകട ദൃശ്യങ്ങൾ പങ്കുവെച്ച് മലയാളി വ്‌ളോഗറായ മാഹീൻ എന്ന ‘ഹിച്ച് ഹൈക്കിങ് നൊമാഡ്’. അഞ്ചുദിവസം മുമ്പെയാണ് സ്വന്തമായി ഉണ്ടാക്കിയെടുത്ത തടി ചങ്ങാടവുമായി മാഹീൻ യാത്രയ്ക്കിറങ്ങിയത്. പിന്നീട് ഒരു വിവരമില്ലാതായതോടെ യാത്രയെ ഇഷ്ടപ്പെടുന്ന നിരവധി പേർ സോഷ്യൽ മീഡിയയിൽ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം മാഹീന്റെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരു പോസ്റ്റ് വന്നതോടുകൂടെ എന്തെങ്കിലും അത്യാഹിതം സംഭവിച്ചിരിക്കുമോ എന്ന ആശങ്ക ശക്തമായത്. ദിവസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഒടുവിൽ ഇപ്പോൾ മാഹിൻ തന്നെ പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്.

‘ഞാൻ ജീവനോടെയുണ്ട്, ആമസോൺ എന്റെ ജീവനെടുത്തില്ല. ഒരിക്കലും തിരിച്ചു വരുമെന്ന് കരുതിയില്ല. പക്ഷെ ഞാൻ തിരിച്ചു വന്നു. എന്റെ പേരക്കുട്ടികളോട് പറയാൻ ഒരു കഥ കൂടി’ മാഹീൻ സമൂഹമാധ്യമത്തിൽ ഇന്ന് പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. അപകടദൃശ്യത്തിന്റെ ഒരു ചെറിയ ഭാഗവും വിവരണവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കിടയിൽ നല്ല മഴയായിരുന്നുവെന്നും കുത്തിയൊഴുകുന്ന നദിയിൽ കുടുങ്ങി നിന്ന കൂറ്റൻ മരത്തിൽ ചങ്ങാടമിടിച്ച് മറിയുകയായിരുന്നുവെന്നും മാഹീൻ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ വിവരിച്ചു. ഈ പ്രശ്‌നങ്ങളെ അതിജീവിച്ച കഥയും നിലവിൽ കാര്യമായ പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതനാണെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മാഹീന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഷെഡ്യൂൾ ചെയ്ത ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘കുറച്ചു ദിവസമായി ഓഫ്‌ലൈനിലാണ്. ഈ ദിവസവും ഓൺലൈനിൽ വന്നിട്ടില്ലെങ്കിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചിരിക്കാം അല്ലെങ്കിൽ സുരക്ഷിതനായി വരുമെന്ന് പ്രതീക്ഷിക്കാം’ എന്ന് പറഞ്ഞുകൊണ്ട് മാഹീൻ കുറിപ്പ് അവസാനിപ്പിച്ചു. ഇതോടെ ആരാധകരും പ്രിയപ്പെട്ടവരും ആശങ്കയിലായി. എന്നാൽ ഇന്നത്തെ പോസ്റ്റ് വന്നതോടു കൂടെ മാഹീന്റെ ഫാൻസിനും പ്രിയപ്പെട്ടവർക്കും ആശ്വാസമായിരിക്കുയാണ്.

അതിസാഹസികതയും അപകടവും പതിയിരിക്കുന്ന ലോകത്തിന്റെ കാണാപ്പുറങ്ങളിലേക്ക് യാത്ര ചെയ്യുന്ന തിരുവനന്തപുരം നെടുമങ്ങാട്ടുകാരനായ മാഹീന്റെ ഈ പ്രാവശ്യത്തെ യാത്ര ഭയാനകരമായ ആമസോൺ കാടുകളിലേക്കായിരുന്നു. പെറുവിലെ നാപ്പോ നദിയിലൂടെ ഇക്കിത്തോസ് എന്ന ലക്ഷ്യസ്ഥാനത്തേക്ക് ഏകദേശം 350 കിലോമീറ്ററോളം ചങ്ങാടത്തിൽ യാത്ര പ്ലാൻ ചെയ്താണ് മാഹീൻ ഇറങ്ങിത്തിരിച്ചത്. 15 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ യാത്രയുടെ ആദ്യ ഘട്ടം കഴിഞ്ഞതിനു ശേഷം ഉണ്ടായ വിടവിനിടയിൽ എന്ത് പറ്റിയെന്ന് അറിയാൻ ആളുകൾ ഉത്കണ്ഠാകുലരായിരുന്നു.

എന്തായാലും അപകടത്തിന്റെ വിവരങ്ങൾ പങ്കുവെച്ച മാഹീൻ കുറച്ചു കൂടി തയാറെടുപ്പ് നടത്തി വീണ്ടും യാത്രയ്‌ക്കൊരുങ്ങുമെന്ന സൂചനകൾ നൽകിയിട്ടുണ്ട്. ഇപ്പോൾ സംഭവിച്ച അപകടവും തന്റെ ജീവൻ മരണ പോരാട്ടവും പങ്കുവെച്ച വ്‌ളോഗർ അടുത്ത പ്രാവശ്യം ഒറ്റയ്ക്ക് പോവാനുള്ള ആത്മവിശ്വാസം താൻ ആർജിച്ചുവെന്നും നിങ്ങളുടെയൊക്കെ പ്രാർത്ഥനയും സ്‌നേഹവുമുള്ളത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും ആശങ്കകൾ അറിയിച്ച പ്രേക്ഷകർക്ക് നന്ദിയും അറിയിച്ചു.

Also read: