06/03/2026
[fontresizer_tawhidurrahmandear_widget]

ഫോണിലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ വിസമ്മതിച്ചു; യുവാവിനെ മുൻ പങ്കാളിയും ഭർത്താവും ചേർന്ന് കത്തിച്ചു കൊന്നു

 ഫോണിലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ വിസമ്മതിച്ചു; യുവാവിനെ മുൻ പങ്കാളിയും ഭർത്താവും ചേർന്ന്  കത്തിച്ചു കൊന്നു

ആഗ്ര: ഫോണിലെ പഴയ ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് യുവാവിനെ മുൻ ലിവ്-ഇൻ പങ്കാളിയും ഭർത്താവും ചേർന്ന് ജീവനോടെ കത്തിച്ചുകൊന്നു. ആഗ്രയിലെ ഷാഹ്‌ഗഞ്ച് സ്വദേശിയായ 35-കാരനായ ഓട്ടോറിക്ഷാ ഡ്രൈവർ സദ്ദാം (ചന്ദ്) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സദ്ദാമിൻ്റെ മുൻ പങ്കാളി ഷബ്‌നത്തിനും ഇവരുടെ ഭർത്താവ് അല്ലി അഹമ്മദിനുമെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ഫെബ്രുവരി 27-ന് ദൗരേത പ്രദേശത്ത് യാത്രക്കാരെ ഇറക്കി മടങ്ങുകയായിരുന്ന സദ്ദാമിനെ ഷബ്‌നവും സംഘവും തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഓട്ടോയിൽ നിന്ന് വലിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സദ്ദാമിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങി.

ഭർത്താവിൻ്റെ മരണശേഷം ഷബ്‌നവും സദ്ദാമും രണ്ട് വർഷത്തോളം ഒരുമിച്ച് താമസിച്ചിരുന്നു. എന്നാൽ അടുത്തിടെ ഷബ്‌നവും സഹോദരീഭർത്താവായ അല്ലി അഹമ്മദും വിവാഹിതരായി. ഇതിനുപിന്നാലെ സദ്ദാമിൻ്റെ പക്കലുള്ള തങ്ങളുടെ പഴയ ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതിന് സദ്ദാം വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മൃതദേഹവുമായി ആഗ്രയിൽ റോഡ് ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പുനൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. നിലവിൽ ബിഎൻഎസ് സെക്ഷൻ 124 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും എസിപി ഗൗരവ് സിങ് അറിയിച്ചു.

Also read: