27/03/2026
[fontresizer_tawhidurrahmandear_widget]

മയാമിയിൽ ചരിത്രം കുറിച്ച് മെസ്സി; 900 കരിയർ ഗോളുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരം

 മയാമിയിൽ ചരിത്രം കുറിച്ച് മെസ്സി; 900 കരിയർ ഗോളുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരം

മയാമി- ലോക ഫുട്ബോൾ ചരിത്രത്തിൽ 900 കരിയർ ഗോളുകൾ എന്ന അപൂർവ്വ നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ താരമായി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. കോൺകകാഫ് ചാമ്പ്യൻസ് കപ്പ് പ്രീക്വാർട്ടറിൽ നാഷ്‌വിൽ എസ്.സിക്കെതിരായ മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ഇന്റർ മയാമി ക്യാപ്റ്റന്റെ ഈ ചരിത്ര നേട്ടം. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണ് മെസ്സി.

മുപ്പത്തിയെട്ടാം വയസ്സിലും വിസ്മയിപ്പിക്കുന്ന ഫോം തുടരുന്ന മെസ്സി, ഇന്റർ മയാമിയിൽ ചേർന്നതിന് ശേഷം കളിച്ച 92 മത്സരങ്ങളിൽ നിന്ന് 81 ഗോളുകൾ ഇതിനോടകം സ്വന്തമാക്കി. ബാഴ്സലോണയ്ക്കായി 672 ഗോളുകളും പി.എസ്.ജിക്കായി 32 ഗോളുകളും നേടിയ താരം, അർജന്റീന ജേഴ്സിയിൽ 115 ഗോളുകളാണ് അക്കൗണ്ടിലാക്കിയത്. തന്റെ മാന്ത്രിക ഇടംകാല് കൊണ്ട് മാത്രം 755 ഗോളുകൾ നേടിയ മെസ്സി, ഫ്രീ കിക്കിലൂടെ 70 തവണയും ലക്ഷ്യം കണ്ടു. നിലവിൽ 959 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് പട്ടികയിൽ മെസ്സിക്ക് മുന്നിലുള്ളത്. എട്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങളും ലോകകിരീടവും ചൂടിയ മെസ്സി, ഗോൾവേട്ടയിൽ പുതിയ വിസ്മയങ്ങൾ തീർത്ത് കുതിപ്പ് തുടരുകയാണ്.

Also read: