മെസി വരില്ല കെട്ടോ; അര്‍ജന്റീന ടീമിന്റെ പര്യടനം വൈകുമെന്ന് റിപ്പോര്‍ട്ട്
ബ്യൂണസ് ഐറിസ്: കേരളത്തിലെ മെസി ആരാധകര്‍ക്ക് നിരാശപ്പെടുത്തുന്ന വാര്‍ത്ത. അര്‍ജന്റീന ടീം അടുത്ത മാസം കേരളത്തില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീന മാധ്യമമായ ലാ നാസിയോണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
അര്‍ജന്റീനയുടെ നവംബറിലെ കേരള സന്ദര്‍ശനം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. അടുത്ത ഫിഫ വിന്‍ഡോയില്‍ (നവംബര്‍ 1018) നടക്കാനിരിക്കുന്ന ദേശീയ ടീമിന്റെ സൗഹൃദമത്സരക്രമങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത്. അംഗോളയ്ക്ക് പുറമെ കേരളത്തില്‍ നടക്കേണ്ട മത്സരം മൊറോക്കോ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെ നടത്താനാണ് നീക്കം നടക്കുന്നത്. താരങ്ങളുടെ ജോലി ഭാരവും ദീര്‍ഘമായ യാത്രയുമാണ് കാരണമായി പറയുന്നത്.
‘നവംബറില്‍ കേരള സന്ദര്‍ശനം സാധ്യമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്തു. പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചു. ഫീല്‍ഡ്, ഹോട്ടല്‍ സന്ദര്‍ശനവും കൂടിക്കാഴ്ചയും നടന്നു. പക്ഷേ, ഇന്ത്യയ്ക്ക് ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല’ എഎഫ്എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ കാരണം കേരളവുമായുള്ള കരാര്‍ പരാജയപ്പെട്ടുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അടുത്ത വര്‍ഷം മാര്‍ച്ചിലേക്ക് സൗഹൃദ മത്സരം പുനഃക്രമീകരിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.