27/03/2026
[fontresizer_tawhidurrahmandear_widget]

ഐടിക്കാരെയും തോൽപ്പിക്കും ഈ പ്ലംബർ! വർഷം 18 ലക്ഷം രൂപ വരുമാനം; യുവാവിന്‍റെ പോസ്റ്റ് വൈറൽ

 ഐടിക്കാരെയും തോൽപ്പിക്കും ഈ പ്ലംബർ! വർഷം 18 ലക്ഷം രൂപ വരുമാനം; യുവാവിന്‍റെ പോസ്റ്റ് വൈറൽ

മുംബൈ: ഉയർന്ന ശമ്പളമുള്ള ഐടി ജോലികളെയും കോർപ്പറേറ്റ് കരിയറിനെയും വെല്ലുന്ന വരുമാനവുമായി മുംബൈയിലെ ഒരു പ്ലംബർ സോഷ്യൽ മീഡിയയിൽ താരമാകുന്നു. മീര റോഡ്, ബോറിവാലി, കാണ്ടിവാലി തുടങ്ങിയ ടൗൺഷിപ്പുകളിൽ പ്ലംബിങ് ജോലി ചെയ്യുന്ന വ്യക്തിയുടെ വാർഷിക വരുമാനം 18 ലക്ഷം രൂപയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ച കുറിപ്പിലൂടെയാണ് കൗതുകകരമായ വിവരം പുറത്തുവന്നത്.

തന്റെ സൊസൈറ്റിയിൽ പൈപ്പ് നന്നാക്കാൻ എത്തിയ പ്ലംബറുമായി നടത്തിയ സംഭാഷണമാണ് പോസ്റ്റിനാധാരം. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും, പ്ലംബർ തന്റെ വരുമാനത്തിന്റെ കണക്കുകൾ നിരത്തിയതോടെ താൻ അമ്പരന്നുപോയെന്ന് ഉപയോക്താവ് പറയുന്നു. 18 ലക്ഷം രൂപ വാർഷിക വരുമാനത്തിന് പുറമെ, 2023 മോഡൽ ഹ്യുണ്ടായ് ക്രെറ്റ കാർ, സ്വന്തം ഗ്രാമത്തിൽ നിർമ്മിച്ച വീട്, കൃഷിഭൂമി എന്നിവയും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ഈ വാർത്ത വൈറലായതോടെ ബ്ലൂ കോളർ ജോലികളുടെ പ്രാധാന്യത്തെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പല മേഖലകളെയും ബാധിക്കുമ്പോഴും പ്ലംബിങ്, ഇലക്ട്രിക്കൽ, മെക്കാനിക് തുടങ്ങിയ ജോലികളെ ബാധിക്കില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

“യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പ്ലംബർമാർക്ക് ലഭിക്കുന്ന വേതനം ഇതിലും കൂടുതലാണ്,” എന്ന് ഒരു ഉപയോക്താവ് കുറിച്ചു. വേനൽക്കാലത്തെ മൂന്ന് മാസത്തെ ജോലിയിലൂടെ മാത്രം ഡൽഹിയിലെ എസി മെക്കാനിക്കുകൾ മൂന്ന് ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും കമന്റുകൾ ഉയരുന്നു. കൃത്യമായ നൈപുണ്യവും അനുഭവപരിചയവുമുണ്ടെങ്കിൽ ഇത്തരം ജോലികളിലൂടെ മികച്ച സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമായാണ് സംഭവത്തെ പലരും കാണുന്നത്.

Also read: