വിരലിലെ മോതിരം എവിടെപ്പോയി? നെതന്യാഹുവിന്റെ പുതിയ വീഡിയോയിലും ദുരൂഹത; എഐ എന്ന് സോഷ്യൽ മീഡിയ
തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹം ജീവനോടെയുണ്ടോ എന്നതിനെക്കുറിച്ചും മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾ പുതിയ വിവാദങ്ങളിലേക്ക്. താൻ സുരക്ഷിതനാണെന്ന് കാണിക്കാൻ നെതന്യാഹു പുറത്തുവിട്ട ഏറ്റവും പുതിയ വീഡിയോയിലെ സാങ്കേതിക പിഴവുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
വീഡിയോയിൽ സംസാരിക്കുന്നതിനിടെ നെതന്യാഹുവിന്റെ കൈവിരലിലെ മോതിരം പെട്ടെന്ന് അപ്രത്യക്ഷമാകുന്നതായി നിരീക്ഷകർ കണ്ടെത്തി. വീഡിയോയുടെ ഒരു ഫ്രെയിമിൽ വിരലിൽ മോതിരമുണ്ടെങ്കിലും തൊട്ടടുത്ത നിമിഷം അത് കാണാതാവുകയും പിന്നീട് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഇതാണ് വീഡിയോയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ പലരെയും പ്രേരിപ്പിച്ചത്.
വീഡിയോ യഥാർത്ഥമല്ലെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ‘ഡീപ് ഫേക്ക്’ വീഡിയോയാണിതെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ആരോപണം. നെതന്യാഹുവിന്റെ മരണം സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ, അത് മറച്ചുവെക്കാൻ ഇസ്രായേൽ ഭരണകൂടം എഐ സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെന്ന് ചിലർ വാദിക്കുന്നു. മുൻപും സമാനമായ രീതിയിൽ നെതന്യാഹുവിന്റെ വീഡിയോകൾക്കെതിരെ സംശയങ്ങൾ ഉയർന്നിരുന്നു. ഇസ്രായിലിലെ ഒരു കഫേയിൽ നിന്നു ഇതിനു മുമ്പ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൻ വിവാദമായിരുന്നു.
ലബനനിലെയും ഗാസയിലെയും യുദ്ധസാഹചര്യങ്ങൾക്കിടയിൽ നെതന്യാഹുവിനെ കുറച്ചുകാലമായി പൊതുവേദികളിൽ കാണാത്തതാണ് ഇത്തരം വാർത്തകൾക്ക് ആധാരം. മോതിരം അപ്രത്യക്ഷമായതിനെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എഡിറ്റിംഗിലെ ചെറിയ പിഴവാകാം ഇതെന്നും ഒരു വിഭാഗം കരുതുന്നുണ്ട്. എങ്കിലും ‘മോതിരം അപ്രത്യക്ഷമായ വീഡിയോ’ ഇപ്പോൾ ലോകമെമ്പാടും വൈറലാവുകയാണ്.