01/08/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കൻ ക്രൂസ് മിസൈലുകൾ വെടിവച്ചിട്ട് ഇറാന്റെ പ്രതിരോധ കവചം

 അമേരിക്കൻ ക്രൂസ് മിസൈലുകൾ വെടിവച്ചിട്ട് ഇറാന്റെ പ്രതിരോധ കവചം

തെഹ്‌റാൻ: ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ മിസൈൽ ആക്രമണം തകർത്ത് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ. ഇന്നലെ ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അയച്ച നിരവധി ക്രൂസ് മിസൈലുകൾ തെഹ്റാനിലെയും മർകാസി പ്രവിശ്യയിലെയും ആകാശത്തുവെച്ച് തകർത്തു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ് ന്യൂസ്’ ആണ് വാർത്ത പുറത്തുവിട്ടത്.

ചൊവ്വാഴ്ച രാത്രിയോടെയാണ് അമേരിക്കൻ യുദ്ധക്കപ്പലുകളിൽനിന്നും വിമാനങ്ങളിൽനിന്നുമായി ഇറാന്റെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി മിസൈൽ വർഷമുണ്ടായത്. അമേരിക്കയുടെ അത്യാധുനികമായ എജിഎം-158 ജെഎഎസ്എസ്എം ക്രൂസ് മിസൈലുകളാണ് തെഹ്റാൻ ലക്ഷ്യമാക്കി വന്നതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) സ്ഥിരീകരിച്ചു. എന്നാൽ, ഇറാന്റെ ഏകീകൃത വ്യോമ പ്രതിരോധ ശൃംഖല ഈ നീക്കത്തെ പരാജയപ്പെടുത്തി. തെഹ്റാനിന് സമീപം രണ്ട് മിസൈലുകളും മർകാസി പ്രവിശ്യയുടെ ആകാശത്തുവെച്ച് ഒരു മിസൈലും വെടിവെച്ചിട്ടതായി ‘ഫാർസ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ തദ്ദേശീയ സാങ്കേതികവിദ്യയിൽ നിർമിച്ച ‘ബാവർ-373’, ‘ഖോർദാദ്-15’ എന്നീ പ്രതിരോധ സംവിധാനങ്ങളാണ് ഈ ഓപറേഷനിൽ നിർണായകമായത്. റഷ്യൻ നിർമിത എസ്-400 സംവിധാനങ്ങളോട് കിടപിടിക്കുന്ന ബാവർ-373, അമേരിക്കൻ മിസൈലുകളെ അവയുടെ ലക്ഷ്യസ്ഥാനത്തിന് കിലോമീറ്ററുകൾക്ക് മുന്നേ തന്നെ തകർത്തു. ഇറാന്റെ പ്രധാനപ്പെട്ട ആണവ-വ്യാവസായിക കേന്ദ്രങ്ങളും ഊർജ നിലയങ്ങളും സ്ഥിതി ചെയ്യുന്ന മർകാസി പ്രവിശ്യ ലക്ഷ്യമിട്ടുള്ള ആക്രമണം പരാജയപ്പെടുത്തിയത് ഇറാന് വലിയ സൈനിക വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

ഫെബ്രുവരി 28-ന് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് ആരംഭിച്ച യുദ്ധത്തിൽ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, മുതിർന്ന നയതന്ത്രജ്ഞനും ദേശീയ സുരക്ഷാ കൗൺസിൽ തലവനുമായിരുന്ന അലി ലാരിജാനി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടത് ഇറാനെ കടുത്ത പ്രത്യാക്രമണത്തിന് പ്രേരിപ്പിച്ചിരുന്നു. പുതിയ നേതാവ് മുജ്തബ ഖാംനഇ ചുമതലയേറ്റതിന് പിന്നാലെ ഇറാൻ സൈന്യം കൂടുതൽ ആക്രമാസക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇസ്രയേലിന്റെ രാഷ്ട്രീയ സിരാകേന്ദ്രമായ നെസെറ്റിന് നേരെയുണ്ടായ മിസൈൽ വർഷത്തിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കവും എണ്ണവിലയിലെ കുതിപ്പും ലോകത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. അമേരിക്കൻ സൈന്യം ഇതിനകം 8,000-ത്തോളം ലക്ഷ്യസ്ഥാനങ്ങൾ ഇറാനിൽ ആക്രമിച്ചുവെന്ന് അവകാശപ്പെടുമ്പോഴും, ഇറാന്റെ വ്യോമ പ്രതിരോധം ഇപ്പോഴും ശക്തമാണെന്ന് പുതിയ റിപ്പോർട്ട് തെളിയിക്കുന്നു. നേരത്തെ, പുറത്തെടുക്കാത്ത മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇപ്പോൾ കൂടുതൽ സജ്ജമാക്കിയതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

യുദ്ധത്തിന്റെ തുടക്കത്തിൽ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ മിക്കതും ലക്ഷ്യം കണ്ടിരുന്നു. എന്നാൽ, ഇപ്പോൾ പലതും പരാജയപ്പെടുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കങ്ങളെ ചെറുക്കാൻ മുജ്തബ ഖാംനഇയുടെ കീഴിലുള്ള സൈന്യം സർവസജ്ജമാണെന്ന് ഇറാൻ ആവർത്തിക്കുന്നുണ്ട്.

അതേസമയം, അമേരിക്കൻ മിസൈലുകൾ തകർത്തതിന്റെ ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും യുഎസ് വൃത്തങ്ങൾ ഇതുവരെ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also read: