യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസത്തിനിടെ കടലിലേക്ക് 10-ലധികം മിസൈലുകൾ വിക്ഷേപിച്ച് ഉത്തരകൊറിയ
പ്യോങ്യാങ്ങ്: അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം തുടരുന്നതിനിടെ, ഉത്തരകൊറിയ കടലിലേക്ക് 10-ലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. തലസ്ഥാനമായ പ്യോങ്യാങ്ങിന് സമീപമുള്ള പ്രദേശത്ത് നിന്ന് ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.20 ഓടെയാണ് വിക്ഷേപണം നടന്നതെന്ന് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.
മിസൈലുകൾ രാജ്യത്തിന്റെ കിഴക്കൻ തീരത്തുള്ള കടലിലാണ് പതിച്ചത്. ഇതിൽ ഒരു മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്ത് വീണതായി ജപ്പാൻ തീരസംരക്ഷണ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയും വാഷിങ്ടണും ഈ ആഴ്ച ആരംഭിച്ച വൻതോതിലുള്ള സൈനികാഭ്യാസങ്ങളാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിരോധ നടപടി മാത്രമാണിതെന്ന് സഖ്യകക്ഷികൾ അവകാശപ്പെടുമ്പോഴും, ഇത് തങ്ങൾക്കെതിരായ ആക്രമണത്തിനുള്ള ‘ഡ്രസ് റിഹേഴ്സൽ’ ആണെന്നാണ് ഉത്തരകൊറിയയുടെ വാദം.
അതേസമയം, ഉത്തരകൊറിയയുമായി 2019 മുതൽ നിലച്ചുപോയ ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമം നടത്തുന്നതിനിടെയാണ് വിക്ഷേപണം എന്നത് ശ്രദ്ധേയമാണ്. കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ച നടത്തുന്നത് നല്ല കാര്യമാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഏപ്രിലിൽ ട്രംപ് നടത്തുന്ന ചൈന സന്ദർശന വേളയിലോ അതിനു ശേഷമോ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് സൂചന.
ആണവായുധ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് പതിറ്റാണ്ടിലേറെയായി ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ തുടരുകയാണ്. ഇതിനെത്തുടർന്ന് 2006 മുതൽ യുഎൻ സുരക്ഷാ കൗൺസിൽ കടുത്ത സാമ്പത്തിക-പ്രതിരോധ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവയെയെല്ലാം ധിക്കരിച്ചുകൊണ്ടാണ് പ്യോങ്യാങ്ങിന്റെ പുതിയ നീക്കം. വാഷിങ്ടൺ തങ്ങളുടെ ആണവ പദവി അംഗീകരിച്ചാൽ മാത്രമേ ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്ന നിലപാടിലാണ് കിം ജോങ് ഉൻ.