മുറുക്കാൻ കടയ്ക്ക് ജിഎസ്ടി നോട്ടീസ്; ‘ഒന്നര കോടി അടയ്ക്കണം’, ഓഫീസുകൾ കയറിയിറങ്ങി യുവാവ്
കൊച്ചി: നെടുമ്പാശ്ശേരിയിൽ ചെറിയൊരു മുറുക്കാൻ കട നടത്തി ഉപജീവനം നയിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ബിദ്യുത് ഷെയ്ഖിന് ജിഎസ്ടി വകുപ്പിന്റെ വക ഇരുട്ടടി. അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന കോടികളുടെ പ്ലൈവുഡ് ഇടപാടുകൾക്ക് നികുതി അടച്ചില്ലെന്ന് കാണിച്ച് 1.56 കോടി രൂപ പിഴയടയ്ക്കാനാണ് സെൻട്രൽ ജിഎസ്ടി നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ 16 വർഷമായി കേരളത്തിൽ ജോലി ചെയ്യുന്ന ബിദ്യുത്, തന്റെ പാൻ കാർഡ് (PAN Card) രേഖകൾ ആരോ തട്ടിപ്പിനായി ഉപയോഗിച്ചതാണെന്ന് പരാതിപ്പെടുന്നു.
ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ തന്റെ പാൻ നമ്പർ ഉപയോഗിച്ച് പ്ലൈവുഡ് വ്യാപാരം നടന്നതായാണ് നോട്ടീസിലുള്ളത്. എന്നാൽ ഇത്തരമൊരു ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് യുവാവ് പറയുന്നു. മുൻപ് പാൻ കാർഡ് പുതുക്കാൻ നൽകിയ ഒരു ഏജൻസിയിൽ നിന്ന് വിവരങ്ങൾ ചോർന്നതാകാമെന്നാണ് ഇദ്ദേഹം സംശയിക്കുന്നത്. തന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽ ഇത്രയും വലിയ തുകയുടെ ഇടപാടുകൾ നടന്നിട്ടില്ലെന്ന് വ്യക്തമായിട്ടും, ഓരോ സംസ്ഥാനത്തെയും ഓഫീസുകളിൽ നേരിട്ട് പോയി പരാതി നൽകാനാണ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നത്.
കടയടച്ച് ഇത്രയും ദൂരം യാത്ര ചെയ്യാനോ നിയമപോരാട്ടം നടത്താനോ ഉള്ള സാമ്പത്തിക സ്ഥിതി ബിദ്യുതിനില്ല. നെടുമ്പാശ്ശേരിയിലെ ടാക്സി ഡ്രൈവർമാരും സുഹൃത്തുക്കളും ഈ യുവാവിനെ സഹായിക്കാൻ കൂടെയുണ്ടെങ്കിലും, അധികൃതരുടെ ഭാഗത്തുനിന്ന് നീതി ലഭിക്കാനായി ഓഫീസുകൾ കയറിയിറങ്ങുകയാണ് ഈ നിസ്സഹായനായ യുവാവ്. നിരപരാധിയായ തന്നെ ഈ വലിയ ബാധ്യതയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ബിദ്യുതിന്റെ ദയനീയാപേക്ഷ.