12 മാസം, 13 റീച്ചാര്ജ്; ടെലികോം കമ്പനികളുടെ 28 ദിവസത്തെ കൊള്ള അവസാനിപ്പിക്കണമെന്ന് രാഘവ് ചദ്ദ
ന്യൂഡൽഹി: രാജ്യത്തെ പ്രീപെയ്ഡ് മൊബൈൽ റീചാർജ് പ്ലാനുകളിൽ ടെലികോം കമ്പനികൾ നടത്തുന്ന ചൂഷണത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തി ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ. 28 ദിവസത്തെ റീചാർജ് കാലാവധി എന്നത് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്നും ഒരു വർഷത്തിൽ 12 മാസമാണുള്ളതെങ്കിലും 13 തവണ റീചാർജ് ചെയ്യിപ്പിക്കുന്ന രീതിയാണ് കമ്പനികൾ പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു മാസത്തെ റീചാർജ് എന്ന് പറയുമ്പോഴും കാലാവധി 28 ദിവസമായി നിജപ്പെടുത്തുന്നത് വഴി വർഷാവസാനം ഒരു മാസത്തെ അധിക തുക കമ്പനികൾക്ക് ലഭിക്കുന്നു. 28 ദിവസം x 13 = 364 ദിവസം എന്ന കണക്കിലൂടെ ഒരു വർഷം 13 തവണ ഉപഭോക്താവ് റീചാർജ് ചെയ്യാൻ നിർബന്ധിതനാകുന്നു. ഈ സൈക്കിൾ അവസാനിപ്പിച്ച് റീചാർജ് കാലാവധി കലണ്ടർ മാസങ്ങളിലേക്ക് (30–31 ദിവസം) മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റീചാർജ് കാലാവധി കഴിഞ്ഞാലുടൻ ഇൻകമിങ് കോളുകൾ തടയുന്ന രീതിയെയും ചദ്ദ രൂക്ഷമായി വിമർശിച്ചു. “ഔട്ട്ഗോയിങ് കോളുകൾ തടയുന്നത് മനസ്സിലാക്കാം, എന്നാൽ ഇൻകമിങ് കോളുകളും ഒടിപി സന്ദേശങ്ങളും തടയുന്നത് ഏകപക്ഷീയമായ തീരുമാനമാണ്. അടിയന്തര സാഹചര്യങ്ങളിൽ ഇത് സാധാരണക്കാരെ നിസ്സഹായരാക്കുന്നു,” – അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ 125 കോടി മൊബൈൽ വരിക്കാരിൽ 90 ശതമാനവും പ്രീപെയ്ഡ് ഉപഭോക്താക്കളാണ്. മൊബൈൽ ഫോൺ എന്നത് ഇപ്പോൾ ഒരു ആഡംബരമല്ല, മറിച്ച് പൗരന്മാരുടെ അവശ്യവസ്തുവാണ്. അതിനാൽ, അവസാന റീചാർജ് കഴിഞ്ഞ് ഒരു വർഷം വരെ ഇൻകമിങ് കോളുകളും എസ്എംഎസ് സേവനങ്ങളും ലഭ്യമാക്കണമെന്നും ടെലികോം മേഖലയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും രാഘവ് ചദ്ദ പാർലമെന്റിൽ ആവശ്യപ്പെട്ടു.