‘പാചകം പണ്ടേ വിറകടുപ്പില്‍ തന്നെ’; റഹ്മത്ത് ഹോട്ടല്‍ പ്രതിസന്ധിയിലും പൂട്ടില്ല
കോഴിക്കോട്: സംസ്ഥാനത്ത് എൽപിജി സിലിണ്ടറുകളുടെ ലഭ്യതയിലുണ്ടായ പ്രതിസന്ധി ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമ്പോഴും തളരാതെ കോഴിക്കോട്ടെ പ്രശസ്തമായ റഹ്മത്ത് ഹോട്ടൽ. വർഷങ്ങളായി പിന്തുടരുന്ന വിറകടുപ്പിലെ പാചകരീതിയാണ് പ്രതിസന്ധി ഘട്ടത്തിലും ഹോട്ടലിന് തുണയാകുന്നത്.
നിലവിൽ ഹോട്ടലിലെ 60 ശതമാനത്തിലധികം വിഭവങ്ങളും വിറകടുപ്പിലാണ് തയ്യാറാക്കുന്നത്. റഹ്മത്തിന്റെ പ്രശസ്തമായ ബിരിയാണി, ബീഫ് ഫ്രൈ, ചിക്കൻ കറി എന്നിവയ്ക്ക് പുറമെ പത്തിരി, പൊറോട്ട, ചപ്പാത്തി തുടങ്ങിയവയും വിറകടുപ്പിൽ തന്നെയാണ് പാചകം ചെയ്യുന്നത്. ഒറ്റത്തവണ 50 പത്തിരികൾ വരെ ചുട്ടെടുക്കാൻ കഴിയുന്ന വലിയ പത്തിരിക്കല്ലുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. മുൻഗാമികൾ ഏർപ്പെടുത്തിയ സംവിധാനം നിലവിലെ സാഹചര്യത്തിൽ വലിയ അനുഗ്രഹമാണെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കുന്നു.
പാചകവാതക ഉപഭോഗം കുറയ്ക്കുന്നതിനായി എയർ സിസ്റ്റം ക്രമീകരിച്ച പുതിയ തരം വിറകടുപ്പുകളും ഹോട്ടലിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. വിറകിന്റെ ഉപയോഗം കുറയ്ക്കാനും കൃത്യമായ ചൂട് നിലനിർത്താനും ഇത് സഹായിക്കുന്നു. നിലവിൽ ചൈനീസ് വിഭവങ്ങൾക്കും ലൈവ് ഐറ്റങ്ങൾക്കും മാത്രമാണ് ഗ്യാസിനെ പ്രധാനമായും ആശ്രയിക്കുന്നത്.
എൽപിജി പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ ചൈനീസ് വിഭവങ്ങൾ മെനുവിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കി, പൂർണമായും വിറകടുപ്പിലേക്ക് മാറാനാണ് ഹോട്ടൽ മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഭക്ഷണത്തിന്റെ തനിമയും രുചിയും നിലനിർത്തുന്നതിനൊപ്പം സാമ്പത്തിക ലാഭവും വിറകടുപ്പിലൂടെ സാധ്യമാകുന്നുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. പല ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലായിരിക്കുമ്പോഴാണ് റഹ്മത്ത് ഹോട്ടൽ വേറിട്ട രീതിയിലൂടെ പ്രതിസന്ധിയെ അതിജീവിക്കുന്നത്.