‘കോവിഡിനെ പോലെ ഇതും നമ്മൾ മറികടക്കും’; എൽപിജി പ്രതിസന്ധിയിൽ ജനങ്ങൾക്ക് ഉറപ്പുനൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധിയിൽ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയെ രാജ്യം ഒരുമിച്ച് നേരിട്ടതുപോലെ നിലവിലെ എൽപിജി ക്ഷാമത്തെയും ഇന്ത്യ മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന എൻഎക്സ്‌ടി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ ഊർജ്ജ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന്റെ ഭാരം രാജ്യത്തെ സാധാരണക്കാരിലേക്ക് എത്താതിരിക്കാൻ സർക്കാർ വിവിധ തലങ്ങളിൽ ഇടപെടുന്നുണ്ട്. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാൻ ആഗോള നേതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 140 കോടി ഇന്ത്യക്കാരുടെ ദൃഢനിശ്ചയത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽപിജി ലഭ്യതയെക്കുറിച്ച് പരിഭ്രാന്തി പരത്തുന്നവർക്കെതിരെയും കരിഞ്ചന്തക്കാർക്കെതിരെയും പ്രധാനമന്ത്രി കർശന മുന്നറിയിപ്പ് നൽകി. സാഹചര്യം മുതലെടുത്ത് പൂഴ്ത്തിവയ്പ്പ് നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾ നിരീക്ഷണം ശക്തമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കൈവരിച്ച ഊർജ്ജ സുരക്ഷയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എഥനോൾ മിശ്രിതത്തിന്റെ അളവ് 20 ശതമാനമായി വർദ്ധിപ്പിക്കാൻ കഴിഞ്ഞതും തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരം 50 ലക്ഷം ടൺ കടന്നതും പ്രതിസന്ധികളെ നേരിടാൻ ഇന്ത്യയെ സഹായിക്കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.