01/08/2026
[fontresizer_tawhidurrahmandear_widget]

പാചകവാതക ക്ഷാമം; എൽപിജി സിലിണ്ടറുകളുമായി പോയ വാഹനത്തിന് പോലീസ് അകമ്പടി

 പാചകവാതക ക്ഷാമം; എൽപിജി സിലിണ്ടറുകളുമായി പോയ വാഹനത്തിന് പോലീസ് അകമ്പടി

ഹൈദരാബാദ്: രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എൽ.പി.ജി സിലിണ്ടറുകളുമായി പോയ വിതരണ വാഹനത്തിന് പോലീസ് സുരക്ഷാ അകമ്പടി. തെലങ്കാനയിലെ മഹ്ബൂബാബാദ് ജില്ലയിൽ പാചക വാതക വിതരണത്തിലെ കടുത്ത കാലതാമസം കാരണം പ്രതിസന്ധിയിലായ ഒരു ഗ്രാമത്തിലേക്ക് സിലിണ്ടറുകൾ എത്തിച്ച വാഹനത്തിനാണ് പൊലീസ് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തിയത്.

ബുക്ക് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സിലിണ്ടറുകൾ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ഗ്രാമവാസികൾ വ്യാപകമായി പരാതിപ്പെട്ടിരുന്നു. ഇന്ധനക്ഷാമം കാരണം മേഖലയിലെ നിരവധി കുടുംബങ്ങൾ ഇതിനോടകം തന്നെ വിറകിനെയും മറ്റ് പരമ്പരാഗത പാചക സംവിധാനങ്ങളെയും ആശ്രയിക്കാൻ നിർബന്ധിതരായതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

പാചക വാതകം യഥാസമയം ലഭിക്കാത്തതോടെ ജനങ്ങൾക്കിടയിൽ വലിയ തോതിൽ പരിഭ്രാന്തി പടർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് അകമ്പടിയോടെ വാഹനം ഗ്രാമത്തിലേക്ക് എത്തിച്ചത്. സിലിണ്ടറുകൾ വിതരണത്തിന് എത്തുമ്പോൾ ഉണ്ടാകാനിടയുള്ള തിക്കും തിരക്കും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാനാണ് മുൻകൂട്ടി സുരക്ഷ ഉറപ്പാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

ഗ്രാമത്തിൽ ഏകദേശം 170-ഓളം ഉപഭോക്താക്കൾ സിലിണ്ടറുകൾക്കായി കാത്തിരിക്കുകയായിരുന്നു. നൂറുകണക്കിന് താമസക്കാരാണ് വിതരണ കേന്ദ്രത്തിൽ മണിക്കൂറുകളോളം വരിനിന്നത്. പ്രദേശത്ത് യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഉണ്ടാകാതെ സുഗമമായ പാചക വാതക വിതരണം ഉറപ്പാക്കാൻ രണ്ട് സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേരിട്ട് മേൽനോട്ടം വഹിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Also read: