സർക്കാർ ആശുപത്രി ആംബുലൻസ് നൽകിയില്ല; മൃതദേഹം തോളിലേറ്റി കുടുംബം നടന്നത് കിലോമീറ്ററോളം
ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ ആശുപത്രി അധികൃതർ ആംബുലൻസ് വിട്ടുനൽകാത്തതിനെ തുടർന്ന്, ബന്ധുവിന്റെ മൃതദേഹം തോളിൽ ചുമന്ന് കുടുംബാംഗങ്ങൾക്ക് നടക്കേണ്ടിവന്നത് നാല് കിലോമീറ്റർ. ഭദ്രാചലം സ്വദേശിയായ കണ്ടി വെങ്കണ്ണ (45) എന്നയാളുടെ മൃതദേഹമാണ് കുടുംബം ചുമലിലേറ്റിയത്. കടുത്ത ചൂടിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് വെങ്കണ്ണ സർക്കാർ ആശുപത്രിയിൽ മരണപ്പെട്ടത്.
അടിയന്തര സാഹചര്യങ്ങൾക്കായി ആശുപത്രിയിൽ വാഹന സൗകര്യം ഉണ്ടായിരുന്നിട്ടും അധികൃതർ അത് വിട്ടുനൽകാൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഇതേത്തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം ചുമന്ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത ജനരോഷം ഉയർന്നു. ഇതേത്തുടർന്ന്, എന്തുകൊണ്ടാണ് കൃത്യസമയത്ത് ശവവാഹനം നൽകാതിരുന്നതെന്ന കാര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
സംഭവം പുറത്തുവന്നതോടെ തെലങ്കാനയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്തെ ആരോഗ്യരംഗം പാടെ തകർന്നുവെന്ന് പ്രതിപക്ഷമായ ബിആർഎസ് ആരോപിച്ചു. മുൻ മുഖ്യമന്ത്രി കെ.സി ആറിന്റെ കാലത്ത് പാവപ്പെട്ടവരുടെ അവസാനയാത്രയ്ക്ക് പോലും മാന്യമായ സൗകര്യങ്ങൾ ഉണ്ടായിരുന്നുവെന്നും, ഇന്നത്തെ അവസ്ഥ ലജ്ജാകരമാണെന്നും ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ.ടി രാമറാവു കുറ്റപ്പെടുത്തി. സർക്കാർ പരസ്യങ്ങൾക്കായി വൻതുക ചെലവിടുമ്പോഴും പാവപ്പെട്ടവർക്ക് അടിസ്ഥാന സേവനങ്ങൾ നിഷേധിക്കുകയാണെന്ന് ബിആർഎസ് നേതാവ് ടി. ഹരീഷ് റാവുവും വിമർശിച്ചു.