01/08/2026
[fontresizer_tawhidurrahmandear_widget]

കലഹം പരിഹരിക്കാനെത്തി; മക്കളെ പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് ഭാര്യയും ഭർത്താവും സ്ഥലംവിട്ടു

 കലഹം പരിഹരിക്കാനെത്തി; മക്കളെ പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് ഭാര്യയും ഭർത്താവും സ്ഥലംവിട്ടു

ഹൈദരാബാദ്: ദാമ്പത്യ കലഹം പരിഹരിക്കാനെത്തിയ ദമ്പതികൾ പോലീസ് സ്റ്റേഷനിൽ വെച്ച് അടികൂടിയ ശേഷം രണ്ട് പെൺമക്കളെ അവിടെ ഉപേക്ഷിച്ച് സ്ഥലംവിട്ടു. തെലങ്കാനയിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒടുവിൽ പോലീസ് മുത്തശ്ശിയെ വിളിച്ചുവരുത്തി കുട്ടികളെ അവർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.

പത്തുവർഷം മുൻപ് പ്രണയിച്ചു വിവാഹിതരായ രവികുമാറും ലളിതയും തമ്മിൽ ദീർഘകാലമായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. ലളിതയുടെ പരാതിയെത്തുടർന്നാണ് പോലീസ് ഇരുവർക്കും കൗൺസിലിങ് നിശ്ചയിച്ചത്. എന്നാൽ ചർച്ചയ്ക്കിടെ പ്രകോപിതയായ ലളിത തന്റെ മംഗലസൂത്രവും മിഞ്ചിയും ഊരി മേശപ്പുറത്ത് വെച്ച്, കുട്ടികളെ നോക്കാൻ താല്പര്യമില്ലെന്ന് പ്രഖ്യാപിച്ച് സ്റ്റേഷനിൽ നിന്നിറങ്ങിപ്പോയി. തൊട്ടുപിന്നാലെ കുട്ടികളെ അവിടെത്തന്നെ നിർത്തി രവികുമാറും ഇറങ്ങിപ്പോയി.

മാതാപിതാക്കൾ കൈവിട്ടതോടെ ഭയന്നുകരഞ്ഞ കുട്ടികളെ സബ് ഇൻസ്‌പെക്ടർ അൻവറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആശ്വസിപ്പിച്ചത്. ഇവരെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഒടുവിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പിതൃമുത്തശ്ശിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ നിലവിൽ കേസെടുത്തിട്ടില്ലെങ്കിലും മുതിർന്നവരുടെ സാന്നിധ്യത്തിൽ ദമ്പതികൾക്ക് വീണ്ടും കൗൺസിലിങ് നൽകാനാണ് പോലീസിന്റെ തീരുമാനം.

Also read: