20/04/2026
[fontresizer_tawhidurrahmandear_widget]

രാജസ്ഥാനിൽ നാളെ മോദി ഉദ്ഘാടനം ചെയ്യാനിരുന്ന 79,450 കോടിയുടെ ഓയിൽ റിഫൈനറിയിൽ വൻ തീപ്പിടിത്തം

 രാജസ്ഥാനിൽ നാളെ മോദി ഉദ്ഘാടനം ചെയ്യാനിരുന്ന 79,450 കോടിയുടെ ഓയിൽ റിഫൈനറിയിൽ വൻ തീപ്പിടിത്തം

ജയ്പൂർ: രാജസ്ഥാനിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന കൂറ്റൻ ഓയിൽ റിഫൈനറിയിൽ വൻ തീപ്പിടിത്തം. ബാർമർ ജില്ലയിലുള്ള പച്പദ്ര റിഫൈനറിയിലാണ് ഇന്നു വൈകീട്ട് അഗ്നിബാധയുണ്ടായത്. ഏകദേശം 79,450 കോടി രുപ ചെലവിൽ നിർമിച്ച ബൃഹത്തായ പദ്ധതിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായുള്ള അവസാനവട്ട ഒരുക്കങ്ങൾ നടന്നുവരുന്നതിനിടെയാണു വൻ ദുരന്തമുണ്ടായത്.

റിഫൈനറി സമുച്ചയത്തിലെ ഒരു നിർമാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പുകയും തീജ്വാലകളും കിലോമീറ്ററുകളോളം ദൂരത്തേക്ക് ദൃശ്യമായിരുന്നു. ഉടൻ തന്നെ അഗ്‌നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തുകയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തതായാണു വിവരം. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയാണോ അതോ സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്.

എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താനിരിക്കെ ഉണ്ടായ സംഭവത്തെ തുടർന്ന് സുരക്ഷാ ഏജൻസികളും ഉന്നത ഉദ്യോഗസ്ഥരും അതീവ ജാഗ്രതയിലാണ്. മോദിയുടെ സന്ദർശനത്തിനായി വലിയ സുരക്ഷാ സന്നാഹങ്ങളും പന്തലുകളും റിഫൈനറി പരിസരത്ത് ഒരുക്കിയിരുന്നു. തീപിടിത്തം നടന്ന ഭാഗം ഉദ്ഘാടന വേദിയുമായി എത്രത്തോളം അടുപ്പമുള്ളതാണെന്ന് പരിശോധിച്ചു വരികയാണ്.

രാജസ്ഥാനിലെ വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ടാണ് പച്പദ്ര റിഫൈനറി സ്ഥാപിച്ചത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും രാജസ്ഥാൻ സർക്കാരും സംയുക്തമായാണ് ഈ സംരംഭം നടത്തുന്നത്. പ്രതിവർഷം ഒൻപത് മില്യൺ ടൺ ഉൽപാദന ശേഷിയുള്ള റിഫൈനറി, സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിലൊന്നാണ്. പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപകടത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിലെ സാഹചര്യത്തിൽ സുരക്ഷാ ഓഡിറ്റിന് ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്നാണ് സൂചന. തീപിടിത്തത്തിന്റെ കാരണം വ്യക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും. അതീവ സുരക്ഷാ മേഖലയിലുണ്ടായ അപകടം ഗൗരവതരമായാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണുന്നത്.

Also read: