29/03/2026
[fontresizer_tawhidurrahmandear_widget]

ചെങ്കടലിലെ ഹൂതികളുടെ ആക്രമണം; ഉത്പന്നങ്ങളുടെ വില വർധനവിൽ ലോകം ആശങ്കയിൽ

 ചെങ്കടലിലെ ഹൂതികളുടെ ആക്രമണം; ഉത്പന്നങ്ങളുടെ വില വർധനവിൽ ലോകം ആശങ്കയിൽ

സന: ചെങ്കടലിലെ ചരക്കുകപ്പലുകൾക്ക് നേരെ യമനിലെ ഹൂതി വിമതർ ആക്രമണം ശക്തമാക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ വീണ്ടും തളർത്തുമെന്ന് റിപ്പോർട്ട്. ഇറാൻ-ഇസ്രയേൽ സംഘർഷം പുതിയ തലങ്ങളിലേക്ക് കടന്നതോടെ, ശനിയാഴ്ച ഹൂതികൾ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തിയതാണ് ആശങ്ക വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് ആഗോള വിതരണ ശൃംഖലയെ സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ലോക വ്യാപാരത്തിന്റെ 12 ശതമാനത്തോളം കടന്നുപോകുന്ന ബാബ് അൽമന്ദബ് കടലിടുക്കിൽ ഭീഷണി നിലനിൽക്കുന്നത് എണ്ണ, പ്രകൃതിവാതക വില വർദ്ധനവിന് കാരണമാകും. നിലവിൽ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞുകിടക്കുന്നതിനാൽ സൗദി അറേബ്യ തങ്ങളുടെ എണ്ണ കയറ്റുമതിക്കായി ചെങ്കടൽ പാതയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഹൂതികൾ വീണ്ടും കപ്പലുകളെ ലക്ഷ്യം വെച്ചാൽ കപ്പൽ കമ്പനികൾ ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റിയുള്ള ദൈർഘ്യമേറിയ പാത സ്വീകരിക്കാൻ നിർബന്ധിതരാകും. ഇത് ചരക്കുകൂലിയും ഇൻഷുറൻസ് പ്രീമിയവും കുത്തനെ കൂട്ടും. സാധാരണ പാതയെ അപേക്ഷിച്ച് കപ്പലുകൾ ഏകദേശം 3500 നോട്ടിക്കൽ മൈൽ(ഏകദേശം 6000 മുതൽ 6500 കിലോമീറ്റർ) വരെ അധികം സഞ്ചരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. കപ്പലിന്റെ വേഗതയനുസരിച്ച് ശരാശരി 10-15 ദിവസവും കൂടിയാൽ 21 ദിവസം വരെ അധികം യാത്ര ദീർഘിക്കാനും സാധ്യതയുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ചർച്ചകൾക്ക് സാധ്യത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, മേഖലയിലെ സൈനിക വിന്യാസം വർദ്ധിപ്പിച്ചിരിക്കുകയാണ്. 2,500ഓളം യുഎസ് മറീനുകൾ ഇതിനോടകം മിഡിൽ ഈസ്റ്റിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചെങ്കടലിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടില്ലെങ്കിൽ ആഗോള വിപണിയിൽ വിലക്കയറ്റം രൂക്ഷമാകാനും ഉൽപ്പന്നങ്ങളുടെ ക്ഷാമം നേരിടാനും സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Also read: