28/03/2026
[fontresizer_tawhidurrahmandear_widget]

‘രാവിലെ പൊടിയരിക്കഞ്ഞി നൽകി, വൈകിട്ട് മരണം’; രോഗി മരിച്ചതില്‍ ചികിത്സാ വീഴ്ച ആരോപിച്ച് ബന്ധുക്കൾ

 ‘രാവിലെ പൊടിയരിക്കഞ്ഞി നൽകി, വൈകിട്ട് മരണം’; രോഗി മരിച്ചതില്‍ ചികിത്സാ വീഴ്ച ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തത്തിന് പിന്നാലെ രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ (38) ബന്ധുക്കളാണ് ചികിത്സാ വീഴ്ച ആരോപിച്ച് രംഗത്തെത്തിയത്. അപകടദിവസം രാവിലെയും സനീഷിന് പൊടിയരിക്കഞ്ഞി വാങ്ങി നൽകിയിരുന്നതായും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെന്നും ബന്ധുവായ പുഷ്പലീല വെളിപ്പെടുത്തി.

അഗ്നിബാധയുണ്ടായ സമയത്ത് സനീഷിനെ ഐസിയുവിൽ നിന്ന് മാറ്റാൻ വൈകിയതാണ് സ്ഥിതി വഷളാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. തീപിടിത്തമുണ്ടായപ്പോൾ മറ്റ് രോഗികളെ വേഗത്തിൽ മാറ്റിയെങ്കിലും സനീഷിനെ കണ്ടെത്താനായില്ലെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ഉച്ചയോടെയാണ് സനീഷിനെ പുറത്തെത്തിച്ചത്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയപ്പോൾ ഉണ്ടായ ശാരീരിക ബുദ്ധിമുട്ടുകളും ജീവൻരക്ഷാ ഉപകരണങ്ങൾ യഥാസമയം ഘടിപ്പിക്കാത്തതുമാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ നിഗമനം.

സനീഷിനെ കൂടാതെ മറ്റ് നാല് രോഗികൾ കൂടി സമാന സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. വാഹനാപകടങ്ങളിൽ പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇവരുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

Also read: