ഗതാഗത നിയമലംഘനം: പിഴ പകുതിയടച്ചാൽ മതി, 11 ലക്ഷം കേസുകളിൽ ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനത്തിന് പിഴയടയ്ക്കാൻ ബാക്കിയുള്ളവർക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. വിവിധ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട 11 ലക്ഷത്തോളം കേസുകളിൽ പിഴത്തുക പകുതിയായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. പിഴത്തുക ഭീമമായതോടെ പലരും അത് അടയ്ക്കാൻ മടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ട്രാൻസ്പോർട്ട് കമ്മിഷണർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
യഥാസമയം പിഴ അടയ്ക്കാത്തതിനെത്തുടർന്ന് പോലീസും മോട്ടോർ വാഹന വകുപ്പും കോടതികളിലേക്ക് കൈമാറിയ കേസുകളിലാണ് ഇളവ് ലഭിക്കുക. എന്നാൽ കോടതി നേരിട്ട് വാദം കേട്ട് പിഴ നിശ്ചയിച്ചുകഴിഞ്ഞ കേസുകളിൽ ആനുകൂല്യം ലഭിക്കില്ല. സർക്കാരിന്റെ കോമ്പൗണ്ടിങ് അധികാരം വിനിയോഗിച്ചാണ് കുടിശ്ശികയുള്ള കേസുകൾ തിരിച്ചുവിളിച്ച് പിഴ പകുതിയാക്കുന്നത്. 2024 ഡിസംബർ മാസം വരെയുള്ള കേസുകൾക്കാണ് ആനുകൂല്യം ലഭ്യമാകുക. പിഴയടയ്ക്കാനുള്ളവർ ഏപ്രിൽ 31-നകം കുടിശ്ശിക തീർപ്പാക്കേണ്ടതുണ്ട്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് 14 ലക്ഷം ഇ-ചെല്ലാനുകളാണ് വിവിധ നിയമലംഘനങ്ങൾക്കായി ചുമത്തിയത്. ഇതിൽ മൂന്നുലക്ഷം കേസുകളിൽ മാത്രമാണ് ഇതുവരെ പിഴയടച്ച് തീർപ്പായത്. ശേഷിക്കുന്ന കേസുകൾ നിലവിൽ വെർച്വൽ, സിജെഎം കോടതികളുടെ പരിഗണനയിലാണ്. ഈ കേസുകൾ കോടതികളിൽ നിന്ന് തിരിച്ചെടുത്ത് തീർപ്പാക്കാനുള്ള അധികാരം പിഴ ചുമത്തിയ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് സംസ്ഥാനത്തുടനീളം പ്രത്യേക അദാലത്തുകൾ ഉടൻ സംഘടിപ്പിക്കും.