ഇറാന്റെ സ്വയം പ്രഖ്യാപിത ‘രാജകുമാരൻ’ റെസ പഹ്ലവിയെ പ്രാങ്ക് ചെയ്ത് റഷ്യൻ കൊമഡി താരങ്ങൾ; ഹിറ്റ്‌ലറുടെ വേഷംകെട്ടിയ യുവാവിനെ കണ്ടിട്ടും അബദ്ധം തിരിച്ചറിഞ്ഞില്ല
പ്രാങ്ക് വീഡിയോയില്‍നിന്നുള്ള രംഗം, റെസ പെഹ്ലവി
വാഷിങ്ടൺ/മോസ്കോ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന അതീവ ഗൗരവമേറിയ സാഹചര്യത്തിൽ, നാടുകടത്തപ്പെട്ട ഇറാൻ മുൻ രാജകുമാരൻ റെസ പഹ്ലവിക്ക് പറ്റിയ അബദ്ധമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസത്തിന് വഴിവച്ചിരിക്കുന്നത്. പ്രശസ്ത റഷ്യൻ പ്രാങ്ക്സ്റ്റർമാരായ ‘വോവൻ ആൻഡ് ലെക്‌സസ്’ നടത്തിയ പ്രാങ്ക് കോളിലാണ് റെസ പഹ്ലവി വീണത്. ഒരാൾ അഡോൾഫ് ഹിറ്റ്ലറുടെ വേഷം ധരിച്ചും മറ്റൊരാൾ ജർമൻ വിദേശകാര്യ മന്ത്രിയാണെന്നും പരിചയപ്പെടുത്തിയായിരുന്നു റെസയുമായി വീഡിയോ കോളിൽ സംസാരിച്ചത്. എന്നാൽ, ഇവർ പ്രാങ്ക് ചെയ്യുന്നതാണെന്ന് ഒരു ഘട്ടത്തിലും മനസിലാകാതെ, പറയുന്നതെല്ലാം വിശ്വസിക്കുകയായിരുന്നു അദ്ദേഹം.
ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ടാണ് പ്രാങ്ക്സ്റ്റർമാർ റെസ പഹ്ലവിയെ സമീപിച്ചത്. തുടർന്ന് നടന്ന വീഡിയോ കോളിൽ പ്രാങ്ക്സ്റ്റർമാരിലൊരാൾ രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ അതേ വേഷവിധാനത്തിലും മീശയിലുമാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ സ്‌ക്രീനിലെ ഈ വിചിത്രരൂപം കണ്ടിട്ടും യാതൊരു സംശയവും തോന്നാതിരുന്ന പഹ്ലവി, അതീവ ഗൗരവത്തോടെ അവരുമായി സംഭാഷണം തുടർന്നു.
ഇറാനിലെ നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ ജർമനി ഇറാനെ ബോംബിടാൻ തയാറാണെന്ന വ്യാജ വാഗ്ദാനമാണ് പ്രാങ്ക്സ്റ്റർമാർ നൽകിയത്. ഇത് കേട്ട പഹ്ലവി ആവേശഭരിതനാകുകയും ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ആക്രമണം നടത്തണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. ഇറാൻ ജനത ഭരണമാറ്റത്തിനായി ദാഹിക്കുകയാണെന്നും അന്താരാഷ്ട്ര പിന്തുണ ഇതിന് അത്യാവശ്യമാണെന്നും അദ്ദേഹം അവരോട് പറഞ്ഞു. ഹിറ്റ്ലർ വേഷധാരിയുമായി ഇത്രയും ഗൗരവകരമായ സൈനിക നീക്കങ്ങൾ ചർച്ച ചെയ്ത പഹ്ലവിയെ, പ്രാങ്കാണെന്ന് തിരിച്ചറിഞ്ഞ മറ്റൊരാൾ വന്ന് ഇടയ്ക്ക് തടയുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.
ഇറാനിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരാൾക്ക്, തന്റെ മുന്നിലിരിക്കുന്നത് ഒരു പ്രാങ്ക്സ്റ്റർ ആണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്തത് പക്വതയില്ലായ്മയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സ്‌ക്രീനിൽ ഹിറ്റ്ലറെപ്പോലെ ഒരാൾ ഇരുന്നിട്ടും അത് ജർമൻ ഉദ്യോഗസ്ഥനാണെന്ന് പഹ്ലവി വിശ്വസിച്ചത് വലിയ അബദ്ധമായിപ്പോയി എന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. ഹിറ്റ്ലർ വേഷധാരി ഇടയ്ക്ക് നാസി സല്യൂട്ട് നൽകിയിട്ടും പഹ്ലവി അതൊന്നും ഗൗരവമായി എടുത്തില്ല എന്നതും അത്ഭുതപ്പെടുത്തുന്നതാണ്.
റഷ്യൻ പ്രാങ്ക്സ്റ്റർമാരായ വോവൻ ആൻഡ് ലെക്‌സസ് ഇതിനുമുൻപും പല ലോകനേതാക്കളെയും ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒരു യുദ്ധസാഹചര്യത്തിൽ, സ്വന്തം രാജ്യത്തെ ബോംബിടാൻ വിദേശരാജ്യങ്ങളോട് ആവശ്യപ്പെടുന്ന തരത്തിലുള്ളൊരു ചർച്ചയിൽ ഇത്രയും വലിയൊരു അബദ്ധം സംഭവിക്കുന്നത് അപൂർവമായിരിക്കും. ഇതേക്കുറിച്ച് പഹ്ലവിയുടെ ഓഫീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.