27/03/2026
[fontresizer_tawhidurrahmandear_widget]

പ്രധാനമന്ത്രിയുടെ ദേശീയപാതാ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല; ബഹിഷ്കരിച്ച് സർക്കാർ

 പ്രധാനമന്ത്രിയുടെ ദേശീയപാതാ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല; ബഹിഷ്കരിച്ച് സർക്കാർ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കി. സംസ്ഥാനത്തെ റോഡ് വികസനവുമായി നേരിട്ട് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിലെ ഔദ്യോഗിക അതിഥി പട്ടികയിൽ മന്ത്രി റിയാസിന്റെ പേരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് വിവരം.

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർക്ക് പുറമെ എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ എന്നിവർക്കും ക്ഷണമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ചടങ്ങിൽ പങ്കെടുക്കും.

ദേശീയപാത-66 ആറുവരിയാക്കുന്നതിന്റെ ഭാഗമായി ആദ്യം പൂർത്തിയായ 39 കിലോമീറ്റർ ദൈർഘ്യമുള്ള തലപ്പാടി-ചെങ്കള റീച്ചാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കുന്നത്. 2,650 കോടി രൂപ ചെലവിലാണ് മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള സെക്ഷൻ നിർമ്മിച്ചത്. കൂടാതെ 2,140 കോടി രൂപ ചെലവിൽ ആറുവരിയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസും (വെങ്ങളം-രാമനാട്ടുകര), പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം പൂർത്തിയാക്കിയ 23 ഗ്രാമീണ റോഡുകളും ചടങ്ങിൽ ഉദ്ഘാടനം ചെയ്യും.

Also read: