അഞ്ച് വർഷത്തിൽ ലക്ഷ്യമിട്ടത് 100 പാലങ്ങൾ, നൽകിയത് 200! ‘ബ്രിഡ്ജസ്@200’ പ്രഖ്യാപനവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടം. അഞ്ച് വർഷം കൊണ്ട് 100 പാലങ്ങൾ എന്ന പ്രഖ്യാപിത ലക്ഷ്യം മറികടന്ന് ഇരട്ടി നേട്ടം കൈവരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ‘ബ്രിഡ്ജസ്@200’ എന്ന പദ്ധതിയിലൂടെ 200 പാലങ്ങളാണ് സർക്കാർ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്.
2021-ൽ മന്ത്രിയായി ചുമതലയേൽക്കുമ്പോൾ നിശ്ചയിച്ചിരുന്ന ലക്ഷ്യത്തേക്കാൾ നൂറു പാലങ്ങൾ അധികം നിർമ്മിക്കാൻ കഴിഞ്ഞത് വകുപ്പിന്റെ ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 2000 കോടിയിലധികം രൂപയാണ് സർക്കാർ ചെലവഴിച്ചത്. പൊതുമരാമത്ത് പാലം വിഭാഗം, ദേശീയപാതാ വിഭാഗം, കെ.എസ്.ടി.പി, ആർ.ബി.ഡി.സി.കെ, കെ.ആർ.എഫ്.ബി എന്നീ ഏജൻസികളുടെ ഏകോപിതമായ പ്രവർത്തനമാണ് റെക്കോർഡ് നേട്ടം സാധ്യമാക്കിയത്.
പാലങ്ങളുടെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക റിവ്യൂ മീറ്റിംഗുകളും സൈറ്റ് പരിശോധനകളും നടത്തിയിരുന്നു. നിർമ്മാണം പൂർത്തിയാക്കി ഗതാഗതയോഗ്യമായ പാലങ്ങളുടെ എണ്ണമാണ് ഇരുന്നൂറെന്ന് മന്ത്രി വ്യക്തമാക്കി. നേട്ടം കൈവരിക്കാൻ കൂടെ നിന്ന ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.