‘എൽ.ഡി.എഫിന് തുടർഭരണം ഇല്ലെങ്കിൽ കേരളം തകരും, അരാജകയുഗത്തിലേക്ക് പോകും’- മന്ത്രി പി. രാജീവ്
കളമശ്ശേരി: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നില്ലെങ്കിൽ കേരളം വലിയ തകർച്ചയിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കൈവരിച്ച വികസന നേട്ടങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണത്തുടർച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ നിലവിൽ തുടക്കമിട്ട വൻകിട പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരണം. മുൻ സർക്കാർ വിഭാവനം ചെയ്ത പദ്ധതികൾ ഈ സർക്കാരാണ് പൂർത്തിയാക്കുന്നത്. വികസനത്തുടർച്ച ഇല്ലാതായാൽ നാട് വലിയ പ്രതിസന്ധിയിലാകും. യു.ഡി.എഫിനെ രൂക്ഷമായി വിമർശിച്ച മന്ത്രി, കോൺഗ്രസ് ജയിച്ചാൽ അധികാരം ബി.ജെ.പിക്ക് അടിയറവ് വെക്കുന്ന കാഴ്ചയാണ് കാണാനാകുകയെന്നും പരിഹസിച്ചു.
ദേശീയ പൊതുപണിമുടക്കിൽ നിന്ന് ഐ.എൻ.ടി.യു.സി വിട്ടുനിൽക്കുന്നത് ബി.ജെ.പി നിലപാടിനെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്. ശബരിമല സ്വർണപ്പാളി വിവാദത്തിലും കോൺഗ്രസിനെതിരെ മന്ത്രി ഗുരുതര ആരോപണം ഉന്നയിച്ചു. ഈ വിഷയത്തിൽ നിയമസഭയിൽ ചർച്ചയ്ക്ക് തയ്യാറാകാതെ കോൺഗ്രസ് വിട്ടുനിന്നത് അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് ഭയന്നാണ്. തന്ത്രിയുടെ നിക്ഷേപം കോൺഗ്രസ് എം.പിയുടെ കൈവശം എത്തിയെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കേസ് അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും യഥാർത്ഥ പ്രതികൾ ഉടൻ പിടിയിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.