27/03/2026
[fontresizer_tawhidurrahmandear_widget]

ഇറാൻ യുദ്ധം: ഒറ്റദിവസം കൊണ്ട് കൊഴിഞ്ഞത് 12 ലക്ഷം കോടി; ഓഹരി വിപണിയിൽ വൻ വീഴ്ച, സെൻസെക്സ് 2,496 പോയിന്റ് ഇടിഞ്ഞു

 ഇറാൻ യുദ്ധം: ഒറ്റദിവസം കൊണ്ട് കൊഴിഞ്ഞത് 12 ലക്ഷം കോടി; ഓഹരി വിപണിയിൽ വൻ വീഴ്ച, സെൻസെക്സ് 2,496 പോയിന്റ് ഇടിഞ്ഞു

മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലയ്ക്കുന്നു. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കയറ്റവും വിദേശ നിക്ഷേപകരുടെ കൂട്ടത്തോടെയുള്ള പിൻവാങ്ങലും മൂലം സെൻസെക്സ് 2,496 പോയിന്റ് ഇടിഞ്ഞ് 74,207-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 775 പോയിന്റ് താഴ്ന്ന് 23,002 എന്ന നിലയിലെത്തി. വിപണിയിലെ വൻ തകർച്ചയോടെ നിക്ഷേപകർക്ക് ഇന്ന് മാത്രം ഏകദേശം 12 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

ഗൾഫ് മേഖലയിലെ പ്രധാന ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 111 ഡോളറിന് മുകളിലെത്തിയതാണ് വിപണിക്ക് തിരിച്ചടിയായത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെടുമെന്ന ആശങ്കയും പണപ്പെരുപ്പ ഭീഷണിയും നിക്ഷേപകരെ കടുത്ത ജാഗ്രതയിലാക്കി. ഇതോടെ ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ മൂല്യം 439 ലക്ഷം കോടിയിൽ നിന്ന് 427 ലക്ഷം കോടിയായി കുറഞ്ഞു.

ബാങ്കിങ്, ഓട്ടോമൊബൈൽ മേഖലകളിലെ പ്രമുഖ ഓഹരികളെല്ലാം വലിയ നഷ്ടം നേരിട്ടു. എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിനാൻസ്, മഹീന്ദ്ര തുടങ്ങിയവ അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്താതിരുന്നതും ആഗോള വിപണികളിലെ തളർച്ചയും വിപണിയെ പ്രതികൂലമായി ബാധിച്ചു. വരും ദിവസങ്ങളിലും ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ വിപണിയുടെ ഗതി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

Also read: