‘ഉഗാദി, ശിവരാത്രി ദിവസങ്ങളിൽ മാംസാഹാരം കഴിക്കാറുണ്ട്’; രാഹു – ഗുളികകാലം എന്നിവയിൽ വിശ്വസിക്കുന്നില്ലെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: അന്ധവിശ്വാസങ്ങൾക്കെതിരെയും യുക്തിചിന്തയ്ക്ക് അനുകൂലമായും ശക്തമായ നിലപാട് ആവർത്തിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഹുകാലത്തിലോ ഗുളികകാലത്തിലോ തനിക്ക് വിശ്വാസമില്ലെന്നും ഉഗാദി, ശിവരാത്രി തുടങ്ങിയ ആഘോഷ ദിവസങ്ങളിൽ താൻ മാംസാഹാരം കഴിക്കാറുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ഈ വർഷത്തെ സംസ്ഥാന ബജറ്റ് രാഹുകാലം ഒഴിവാക്കി ശുഭസമയത്ത് അവതരിപ്പിച്ചു എന്ന പ്രതിപക്ഷമായ ബിജെപിയുടെ പരിഹാസത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ബജറ്റ് അവതരണത്തിന് സമയം നിശ്ചയിച്ചതെന്ന് അദ്ദേഹം സമ്മതിച്ചു. മുൻപ് പലതവണ രാഹുകാലത്ത് താൻ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
“ദൈവം ക്ഷേത്രങ്ങളിൽ മാത്രമാണ് വസിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹം സർവ്വവ്യാപിയാണ്,” 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവ് ബസവേശ്വരന്റെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ജാതീയത ഇല്ലാതാക്കാനും സമത്വം ഉറപ്പാക്കാനും ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു.